തിരുവനന്തപുരം: സിഎജി വിവാദത്തിൽ സർക്കാരിനെതിരെ ശക്തമായ നീക്കവുമായി പ്രതിപക്ഷം. വിഷയത്തിൽ രാഷ്ട്രപതിക്ക് അടക്കം പരാതി നൽകാനാണ് തീരുമാനം. ഇത് സംബന്ധിച്ച് നിയമവിദഗ്ധരുമായി അടക്കം പ്രതിപക്ഷം കൂടിയാലോചന തുടങ്ങി. സിഎജി റിപ്പോർട്ട് പരസ്യമാക്കിയത് ഗുരുതര ചട്ടലംഘനമാണെന്നാണ് വാദം. കിഫ്ബിക്കെതിരായ നീക്കത്തിൽ സർക്കാരും ശക്തമായ നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ്. സിഎജിക്ക് വിശദമായ മറുപടി നൽകാനാണ് സർക്കാർ തീരുമാനം. 

സർക്കാരിന് നൽകിയ കരട് റിപ്പോർട്ട് നിയമസഭയിലെത്തുന്നതിന് മുമ്പ് തന്നെ പുറത്ത് വിട്ട് പ്രതിരോധം തീർക്കാനുള്ള ധനമന്ത്രിയുടെ ശ്രമമാണ് വിവാദത്തിലായിരിക്കുന്നത്. കിഫ്ബിയെ തകർക്കാൻ ബിജെപിയും  കോൺഗ്രസും രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്നായിരുന്നു ധനമന്ത്രിയുടെ വാദം.

മസാലബോണ്ടടക്കമുള്ള കിഫ്ബി വായ്പ്പകൾ അനധികൃതമെന്നും, ഭരണഘടനാ വിരുദ്ധമെന്നുമാണ് കരട് റിപ്പോർട്ട്. പരിശോധനയിൽ ഒരിടത്തും ഉന്നയിക്കപ്പെട്ടിട്ടില്ലാത്ത ഈ വാദങ്ങൾ കരട് റിപ്പോർട്ടിൽ ഇടം പിടിച്ചത് ഗൂഡാലോചനയാണെന്നാണ് സർക്കാർ വാദം. അഴിമതി പുറത്തുവരുന്നതിന് മുന്നോടിയായുള്ള മുൻകൂർ ജാമ്യമാണ് ധനമന്ത്രിയുടേതെന്നാണ് പ്രതിപക്ഷം പറയുന്നത്.