Asianet News MalayalamAsianet News Malayalam

സിഎജി റിപ്പോർട്ടിൽ നടപടി: പൊലീസിൽ സാധനങ്ങൾ വാങ്ങാൻ പുതിയ മാനദണ്ഡം, കമ്മിഷനെ തീരുമാനിച്ചു

ഗുരുതര പരാമര്‍ശങ്ങളാണ് സിഎജി റിപ്പോർട്ടിൽ ബെഹ്റക്കെതിരെ ഉണ്ടായിരുന്നത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു

CAG report kerala Govt to modify Police purchase rule
Author
Thiruvananthapuram, First Published Mar 4, 2020, 6:34 PM IST

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയെ പ്രതിക്കൂട്ടിലാക്കി സിഎജി റിപ്പോർട്ടിന്മേൽ സർക്കാർ നടപടിക്ക്. ഗുരുതര ക്രമക്കേടുകൾ സിഎജി ചൂണ്ടിക്കാട്ടിയ സാഹചര്യത്തിൽ പൊലീസിൽ സാധനങ്ങൾ വാങ്ങുന്നതിന് പുതിയ മാനദണ്ഡം കൊണ്ടുവരും. പർച്ചേസ് മാനുവൽ പരിഷ്കരിക്കുന്നതിനായി ജുഡീഷ്യൽ കമ്മിഷനെയും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ജസ്റ്റിസ് രാമചന്ദ്രനാണ് കമ്മിഷന്റെ അധ്യക്ഷൻ.

ഗുരുതര പരാമര്‍ശങ്ങളാണ് സിഎജി റിപ്പോർട്ടിൽ ബെഹ്റക്കെതിരെ ഉണ്ടായിരുന്നത്. പൊലീസ് ക്വാർട്ടേഴ്സ് നിർമാണത്തിനുള്ള തുക വക മാറ്റിയെന്നും പൊലീസിൽ കാറുകൾ വാങ്ങിയതിൽ ക്രമക്കേടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. പൊലീസ് ക്വാർട്ടേഴ്സ് നിർമ്മിക്കുന്നതിനുള്ള തുകയിൽ  2.81 കോടി രൂപയാണ് വകമാറ്റിയത്. എസ്പിമാർക്കും എഡിജിപിമാർക്കും വില്ലകൾ നിർമ്മിക്കാനാണ് പണം വകമാറ്റിയത്.  

പൊലീസ് സ്റ്റേഷനുകളിലേക്ക് കാറുകൾ വാങ്ങുന്നതുമായി ബന്ധപ്പെട്ട് വിതരണക്കാരെ നേരത്തെ തന്നെ കണ്ടെത്തി. മിത്ഷുബിഷി പജേറോ സ്പോർട് വാഹനത്തിന്റെ വിതരണക്കാരിൽ നിന്ന് വസ്തുതാ വിവരങ്ങളും പ്രൊഫോർമ ഇൻവോയിസും ശേഖരിച്ചു. ഇതിന് ഡിജിപി മുൻകൂർ അനുമതി വാങ്ങിയില്ല. തുറന്ന ദർഘാസ് വഴി പോലും കാർ വാങ്ങാൻ ഉദ്ദേശിച്ചില്ലെന്ന് വ്യക്തമായി. തുറന്ന ദർഘാസ് നടത്താതിരിക്കാൻ കാരണമായി പറയുന്ന സുരക്ഷാ പരിഗണനകൾ സ്വീകാര്യമല്ലെന്ന് സിഎജി റിപ്പോർട്ട് വ്യക്തമാക്കുന്നു.

കാറിന്റെ വിതരണക്കാർക്ക് മുൻകൂറായി 33 ലക്ഷം നൽകി. 15 ശതമാനം ആഡംബര കാറുകൾ വാങ്ങി. 2017ലെ ടെക്നിക്കൽ കമ്മിറ്റി യോഗത്തിന് മുൻപ് കമ്പനികളിൽ നിന്ന് വിവരം ശേഖരിച്ചു. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയതിൽ മാർഗനിർദ്ദേശങ്ങൾ ലംഘിച്ചുവെന്നും സിഎജി വിമർശിച്ചു.

തിരുവനന്തപുരം എസ്എപിയിൽ ആയുധങ്ങളുടേയും വെടിക്കോപ്പുകളുടേയും കുറവ് കണ്ടെത്തിയിട്ടുണ്ട്. 12061 കാർട്രിഡ്ജുകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഈ കണക്ക് തെറ്റാണെന്ന് പിന്നീട് ക്രൈം ബ്രാഞ്ച് അന്വേഷിച്ച് കണ്ടെത്തി. 3600 ഓളം വെടിയുണ്ടകൾ മാത്രമാണ് കാണാതായതെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ എസ്ഐ റെജി ബാലചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി.

Follow Us:
Download App:
  • android
  • ios