തിരുവനന്തപുരം: പോലീസിനെതിരെ കടുത്ത പരാമര്‍ശങ്ങളുള്ള സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനും എല്‍ഡിഎഫിനും ഓര്‍ക്കാപ്പുറത്തുള്ള അടിയായി. സിഎജി കണ്ടെത്തിയ അഴിമതികളില്‍ അന്വേഷണം ആവശ്യപ്പെട്ട് സമരം നടത്തിയിട്ടുള്ള എല്‍ഡിഎഫ് ഈ വിഷയത്തില്‍ എന്ത് തീരുമാനം എടുക്കുമെന്നത് ശ്രദ്ധേയമാണ്. പോലീസിനെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരസ്വഭാവമുള്ളതല്ലെന്ന വിലയിരുത്തലാണ് ഇതുവരെയുള്ളതെങ്കിലും നാളെ ചേരുന്ന സിപിഎം സംസ്ഥാനസെക്രട്ടേറിയറ്റ് യോഗം വിഷയം ചര്‍ച്ച ചെയ്യും.

അഴിമതി വിരുദ്ധ പ്രതിച്ഛായ, വികസനനേട്ടങ്ങള്‍ ഇത് രണ്ടും ഉയര്‍ത്തിക്കാട്ടി  പ്രചാരണം ശക്തമാക്കി പഞ്ചായത്ത് തെരഞ്ഞടുപ്പും അതുകഴിഞ്ഞ് നിയമസഭാ തെരഞ്ഞെടുപ്പും നേരിടാനിരിക്കെയാണ് ഇരുട്ടടി പോലെ സിഎജി റിപ്പോര്‍ട്ട് സര്‍ക്കാരിനെ പ്രതിസഥാനത്താക്കിയത്. തോക്കുകളും തിരകളും കാണാനില്ലെന്നത് രാജ്യസുരക്ഷയെ പോലും ബാധിക്കുന്നതെന്ന പ്രതിപക്ഷവിമര്‍ശനം ഗുരുതര സ്വഭാവമുള്ളതുമാണ്.

തുടരന്വേഷണവും നടപടിയും വേണമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചാവശ്യപ്പെടുന്നു. രാഷ്ട്രീയനേതാക്കളെ പോലെ എജി വാര്‍ത്താസമ്മേളനം നടത്തിയതിലുള്ള അതൃപ്തി പങ്കുവക്കുമ്പോള്‍ തന്നെ അത്ര ഗൗരവം കല്‍പിക്കേണ്ടതല്ലെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമുള്ളത്.

പാമോലിന്‍, 2ജി സ്പെക്ട്രം,ലാവലില്‍ രാജ്യം ചര്‍ച്ച ചെയ്ത പ്രധാന അഴിമതി കേസുകളുടെയെല്ലാം തുടക്കം സിഎജി റിപ്പോര്‍ട്ടില്‍ നിന്നാണ്. ലാവലിന്‍ രാഷ്ട്രീയപ്രേരിത കേസെന്ന് പറഞ്ഞ് സിപിഎം പോരാടിയെങ്കിലും മറ്റ് കേസുകളില്‍ കൃത്യമായ അന്വേഷണം ആവശ്യപ്പെട്ട് സിപിഎമ്മും എല്‍ഡിഎഫും വലിയ സമരങ്ങള്‍ നടത്തിയിരുന്നു. മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ വിഴിഞ്ഞം കരാറില്‍ സിഎജി ക്രമക്കേട് ആരോപിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. പ്രതിപക്ഷത്തെ ചൂണ്ടി കാനംരാജേന്ദ്രന്‍ ഇത് ഓര്‍മിപ്പിക്കുകയും ചെയ്തു.

പോലീസിനെതിരെയുള്ള സിഎജി പരാമര്‍ശങ്ങള്‍ എത്രമാത്രം ഗുുരതരസ്വാഭാവമുള്ളതാണെന്ന് സിപിഎം സെക്രട്ടേറിയറ്റ് നാളെ ചര്‍ച്ച  ചെയ്യും. ക്രമക്കേടുകളുടെ പേരില്‍ പോലീസിനെതിരെ വിമര്‍ശനം ഏറെ നാളായി നിലവിലുള്ളതാണ്. മാവോയിസ്റ്റ് വെടിവയ്പ്, പന്തീരാങ്കാവ് യുഎപിഎ കേസ് തുടങ്ങിയവയില്‍ സിപിഐക്കൊപ്പം സിപിഎമ്മിലെ ഒരു വിഭാഗം നേതാക്കളും പോലിസിനെതിരാണ്. പുതിയ സംഭവങ്ങളില്‍ എന്ത് തുടര്‍നടപടിയാവും പാര്‍ട്ടിയും സര്‍ക്കാരും സ്വീകരിക്കുകയെന്ന് നാളെയറിയാം.