Asianet News MalayalamAsianet News Malayalam

പിണറായിയുടെ "ഇരട്ടച്ചങ്കിൽ" പിടിച്ച് പ്രതിപക്ഷം: അങ്ങനെയൊന്നും പൊള്ളില്ലെന്ന് മുഖ്യമന്ത്രി

ഡിജിപി ബെഹ്റയെ മാറ്റേണ്ട ആവശ്യം ഇല്ല. പ്രതിപക്ഷത്തിന്‍റെ ആ മോഹം നടക്കില്ലെന്ന് പറഞ്ഞ പിണറായി വിജയൻ പൊലീസ് അഴിമതിക്കെതിരായ കണ്ടെത്തലുകളും ആരോപണങ്ങളും പൂര്‍ണ്ണമായും ന്യായീകരിക്കുകയും ചെയ്തു.

cag report on police corruption opposition attacks cm pinarayi vijayan
Author
Trivandrum, First Published Mar 2, 2020, 10:56 AM IST

തിരുവനന്തപുരം: പൊലീസ് അഴിമതി സംബന്ധിച്ച സിഎജി കണ്ടെത്തലുകളും പ്രതിപക്ഷ ആരോപണവും പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രതിപക്ഷം ഉന്നയിച്ച സി ബി ഐ അന്വേഷണ അവശ്യം മുഖ്യമന്ത്രി തള്ളി. വെടിയുണ്ടകൾ കാണാതായത് യു ഡി എഫ് കാലത്ത് ആണെന്നും അന്ന് അത് മൂടി വച്ചെന്നും മുഖ്യമന്ത്രി ആരോപിച്ചു . കേസിൽ ഫലപ്രദമായ അന്വേഷണമാണ് നടക്കുന്നത്.  സി എ ജി റിപോർട്ട ചോർന്നത് ഗൗരവതരമെന്നും മുഖ്യമന്ത്രി ചോദ്യോത്തര വേളയിൽ വ്യക്തമാക്കിയതിന് പിന്നാലെയാണ് പൊലീസ് അഴിമതി സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ അടിന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. 

സിഎജി കണ്ടെത്തലുകളും പ്രതിപക്ഷ ആരോപണങ്ങളും പൂര്‍ണ്ണമായും മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിക്കളഞ്ഞു.  ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ വാങ്ങിയത് ടെണ്ടര്‍ വിളിച്ചശേഷമാണ്. കുറഞ്ഞ തുക വാഗ്ദാനം ചെയ്ത സ്ഥാപനത്തിൽ നിന്നാണ് വാഹനം വാങ്ങിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഓപ്പൺ ടെണ്ടര്‍ വിളിക്കാത്തത് സുരക്ഷ മുൻ നിർത്തിയാണ്.  ആറ് വാഹന നിർമ്മാതാക്കൾ താൽപര്യം കാട്ടിയിരുന്നു, കുറഞ്ഞ തുക ആയതു കൊണ്ടാണ് നിലവിലുള്ള വാഹനം വാങ്ങിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ഡിജിപി മാർക്ക് സ്വന്തമായി ഔദ്യോഗിക വസതി ഇല്ലായിരുന്നു. അതുകൊണ്ടാണ് വില്ലാ പ്രൊജക്റ്റ് നടപ്പാക്കിയതെന്നും മുഖ്യമന്ത്രി നിയമസഭയിൽ വിശദീകരിച്ചു. കെൽട്രോണിനെ മറയാക്കി അഴിമതി നടത്തുകയാണ് ഡിജിപി ലോക്നാഥ് ബെഹ്റയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഗാലക്സോൺ തട്ടിപ്പ് കമ്പനിയാണ്. മൂന്നിൽ രണ്ട് ഡയറക്ടര്‍മാരും കരിമ്പട്ടികയിൽ പെട്ടവരാണെന്ന് പ്രതിപക്ഷത്തിന് വേണ്ടി അടിയന്തര പ്രമേയ നോട്ടീസ് നൽകിയ പിടി തോമസ് ആരോപിച്ചു. 

ഡിജിപിയെ പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണം. പിണറായി വിജയന് ഇരട്ടച്ചങ്ക് അല്ലെന്നും ഡിജിപിയെ കാണുമ്പോൾ ചങ്കിടിപ്പാണെന്നും പ്രതിപക്ഷം ആക്ഷേപിച്ചു. ലാവ്‍ലിൻ പേടിയാണ് ഇതിന്‍റെ അടിസ്ഥാനമെന്നും പ്രതിപക്ഷം ആരോപിച്ചു. ലാവലിൻ കേസിൽ ഡൽഹി രാജധാനിയിലേക്കു ബെഹ്റ പാലത്തിലൂടെ പിണറായി സഞ്ചരിക്കുകയാണെന്ന് ആക്ഷേപിച്ച പ്രതിപക്ഷം പൊലീസ് അഴിമതിയിൽ സിബിഐ അന്വേഷണം നടത്താൻ മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയും ചെയ്തു. 

ഗാലക്സോണിന് ആവശ്യത്തിന് പ്രവൃത്തി പരിചയമില്ലെന്ന ആരോപണം തള്ളി മുഖ്യമന്ത്രി രംഗത്തെത്തി. ഗാലക് സോണിൻ്റെ പങ്കാളി കമ്പനിക്ക് മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയം ഉണ്ട്. വോസ്റ്റോക്ക് കമ്പനിക്കാണ് മൂന്ന് വർഷത്തിൽ കൂടുതൽ പ്രവൃത്തി പരിചയമുള്ളത്.  നിബന്ധനകൾ പാലിച്ചാണ് ഗാലക്സോണിനെ കെൽട്രോൺ തിരഞ്ഞെടുത്തത്.  ഗാലക്സോൺ ബിനാമി കമ്പനിയാണെന്ന പരാതി ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗാലക്സോൺ ബ്ലാക്ക് ലിസ്റ്റിൽ പെട്ടിട്ടില്ലെന്ന് അവർ തന്നെ സാക്ഷ്യപത്രം നൽകിയെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

പൊലീസ് പർച്ചേസിൽ മാറ്റം വരുത്തുന്നതിൽ പരിശോധന നടത്തും. ഇക്കാര്യം മന്ത്രിസഭ പരിഗണിക്കും. സിംസ് പദ്ധതിയിൽ ക്രമക്കേട് ഉണ്ടോ എന്ന് വ്യവസായ വകുപ്പ് പരിശോധിക്കും . അഴിമതിയിൽ സിബിഐ അന്വേഷണം വേണമെന്ന പ്രതിപക്ഷ ആവശ്യം മുഖ്യമന്ത്രി പൂര്‍ണ്ണമായും തള്ളിക്കളയുകയും ചെയ്തു, 

ഡിജിപിയെ മാറ്റേണ്ട ഒരാവശ്യവും നിലവിലില്ല. എന്തിനാണ് ലോക്നാഥ് ബെഹ്റയെ ആക്ഷേപിക്കുന്നത് എന്ന് ചോദിച്ച മുഖ്യമന്ത്രി സാധാരണ സംസാരിക്കുമ്പോൾ കാണിക്കേണ്ട മിനിമം മര്യാദ വേണമെന്ന് പ്രതിപക്ഷത്തെ ഓര്‍മ്മിപ്പിച്ചു. ലാവ്‍ലിൻ കേസിൽ ഒന്നും ഭയക്കാനില്ല, അതിലെവിടെയാണ് പിണറായി പ്രതിയെന്നും മുഖ്യമന്ത്രി ചോദിച്ചു. 

 

Follow Us:
Download App:
  • android
  • ios