കോഴിക്കോട്: നാലാം സെമസ്റ്റർ പരീക്ഷയുടെ ടൈംടേബിൾ അഞ്ച് ദിവസം മാത്രം അവശേഷിക്കെ പ്രഖ്യാപിച്ച സർവ്വകലാശാല നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത്.  മെയ് എട്ടിന് നടത്താനിരുന്ന പരീക്ഷ മെയ് 27 ന് നടത്തുമെന്ന് അറിയിച്ച് സർവ്വകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് വിദ്യാർത്ഥികൾ.

നാലാം സെമസ്റ്റർ ബികോം പരീക്ഷകൾ നിശ്ചയിച്ചിരുന്ന തീയ്യതിയിൽ നിന്ന് മാറ്റുന്നതായി 35533/EG-1-ASST-3/2018/PB നമ്പർ വിജ്ഞാപനത്തിലാണ് സർവ്വകലാശാല പ്രഖ്യാപിച്ചത്. മെയ് മാസത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവയ്ക്കുന്നുവെന്നും പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കുമെന്നുമായിരുന്നു വിജ്ഞാപനത്തിൽ പറഞ്ഞത്.

എന്നാൽ പത്ത് ദിവസങ്ങൾക്ക് ശേഷം മെയ് 18 ന് പുറപ്പെടുവിച്ച 35533/EG-1-ASST-3/2018/PB എന്ന വിജ്ഞാപനത്തിൽ പരീക്ഷകൾ ഈ മാസം 27 മുതൽ നടത്തുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്നാൽ പരീക്ഷയുടെ ടൈംടേബിൾ പുറത്തുവിട്ടിരുന്നില്ല. ഇന്നാണ് സർവ്വകലാശാല പരീക്ഷയുടെ ടൈംടേബിൾ പുറത്തുവിട്ടത്. അപ്പോഴേക്കും പരീക്ഷയ്ക്ക് ആകെ അവശേഷിക്കുന്നത് അഞ്ച് ദിവസം.

തോന്നുംപടി പരീക്ഷ മാറ്റിവയ്ക്കാനും നടത്താനും തീരുമാനിച്ച അധികൃതരോട് തങ്ങൾ റോബോട്ടുകളല്ല എന്നാണ് ഒരു വിദ്യാർത്ഥി പറഞ്ഞത്. അടിക്കടി വാക്കുമാറ്റുന്ന സർവ്വകലാശാലയെ എങ്ങിനെയാണ് വിശ്വസിക്കുകയെന്നും വിദ്യാർത്ഥികൾ ചോദിച്ചു. നാലാം സെമസ്റ്ററിൽ തോറ്റാൽ തങ്ങൾക്ക് ഒരു വർഷം നഷ്ടമാകുമെന്ന് വിദ്യാർത്ഥികൾ പറയുന്നു. അതിനാൽ തന്നെ പരീക്ഷകൾ മെയ് മാസത്തിൽ നടത്തരുതെന്നും നീട്ടിവയ്ക്കണം എന്നുമാണ് വിദ്യാർത്ഥികളുടെ ആവശ്യം. 

അതേസമയം സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. വിദ്യാർത്ഥികൾ കൂട്ടമായി സർവ്വകലാശാല അധികൃതർക്ക് പരാതി അയക്കുന്നുണ്ട്.