കാലിക്കറ്റ് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ മുറികൾക്ക് സിപിഎം മേഖലകളുടെ പേരുകൾ എഴുതിയ സംഭവത്തില്‍ ഹോസ്റ്റലിൽ പരിശോധന നടത്താൻ തീരുമാനം
കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്സിറ്റി മെൻസ് ഹോസ്റ്റലിൽ മുറികൾക്ക് സിപിഎം മേഖലകളുടെ പേരുകൾ എഴുതിയ സംഭവത്തില്‍ ഹോസ്റ്റലിൽ പരിശോധന നടത്താൻ തീരുമാനം. വിദ്യാർത്ഥികളിൽ നിന്ന് പരാതി ലഭിച്ച സാഹചര്യത്തിലാണ് തീരുമാനമെന്നും പാർട്ടി കൊടികൾ ഹോസ്റ്റലിൽ നിരോധിച്ചതാണെന്നും സർവകലാശാല അറിയിച്ചു. ഡിസി ഓഫീസ്, പിണറായി, മട്ടന്നൂർ, കല്ല്യാശ്ശേരി, കൂത്തുപറമ്പ് എന്നിങ്ങനെയാണ് മുറികൾക്കിട്ടിരിക്കുന്ന പേരുകൾ.
സംഭവത്തിൽ വിശദീകരണവുമായി എസ്എഫ്ഐ രംഗത്തെത്തി. മെൻസ് ഹോസ്റ്റലിന്‍റെ ഒരു ഭാഗം എസ്എഫ്ഐ കയ്യടക്കി വെച്ചിരിക്കുകയാണെന്ന വാദം തെറ്റാണെന്നും ഹോസ്റ്റൽ ബ്ലോക്കിൽ മറ്റ് വിദ്യാർത്ഥി സംഘടന പ്രവർത്തകരെ ആരെയും കയറാൻ അനുവദിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണ്. ബ്ലോക്കുകൾക്കും റൂമുകൾക്കും വിദ്യാർത്ഥികളുടെ ഭാവനയ്ക്കും താല്പര്യത്തിനും അനുസരിച്ചും പല പേരുകളും നൽകുന്നുണ്ട്. കേരളത്തിലെ മിക്ക ഹോസ്റ്റലുകളിലും സമാനമായ കാഴ്ചകൾ കാണാം. സർവ്വകലാശാല അധികൃതർ ഹോസ്റ്റൽ പെയിന്‍റെ അടിക്കാനോ മോടി പിടിപ്പിക്കാനോ കാലമത്രയും ശ്രമിച്ചിട്ടില്ല. വിദ്യാർത്ഥികളെ മർദ്ധിച്ചോ അകറ്റി നിർത്തിയോ അല്ല, ക്യാമ്പസുകളിൽ എസ്എഫ്ഐ നിലനിൽക്കുന്നതെന്നും എസ്എഫ്ഐ വിശദീകരിച്ചു.


