സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയിൽ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും കാലിക്കറ്റ് വിസി കുറ്റപ്പെടുത്തി
മലപ്പുറം: കേരളം രാഷ്ട്രീയ ഭ്രാന്താലയമായി മാറിയെന്ന് കാലിക്കറ്റ് സർവകലാശാല വിസി ഡോ.പി .രവീന്ദ്രൻ. ഇതിന്‍റെ പ്രശ്നങ്ങൾ അക്കാദമിക് മേഖലയിലുമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വേടന്‍റെ പാട്ടുമായി ബന്ധപ്പെട്ട് സെനറ്റ് യോഗത്തിലുയർന്ന പ്രതിഷേധത്തിന് പിന്നാലെ വാർത്താ സമ്മേളനം വിളിച്ച അദ്ദേഹം തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ മറുപടി പറഞ്ഞു. തന്നെ സംഘപരിവാർ ഏജന്‍റെന്ന് വിളിക്കുന്നതിനടക്കം മറുപടി പറഞ്ഞു.
സെനറ്റ് യോഗം ചിലർ അലങ്കോലപ്പെടുത്തിയെന്നും ഈ നിലയിൽ മുന്നോട്ട് പോകുന്നത് സർവകലാശാലയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. താൻ ഐഎസ്എം പരിപാടിക്കും പോസ്റ്റൽ വകുപ്പിന്‍റെ പരിപാടിക്കും പോയി. സേവ ഭാരതി നിരോധിത സംഘടനയല്ല. വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തും കലഹിച്ചുo ബഹളം വച്ചും മുന്നോട്ട് പോകുന്നത് സർവകലാശാലയെ ബാധിക്കും.
സംഘപരിവാർ ബന്ധം ആരോപണത്തിലും വിസി മറുപടി നൽകി. താൻ ഐഎസ്എം പരിപാടിക്ക് പോയിട്ടുണ്ട്. പോസ്റ്റൽ ഡിപ്പാർട്മെന്‍റ് പരിപാടിക്ക് പോയിട്ടുണ്ട്. സേവാ ഭാരതി ഒരു നിരോധിത സംഘടന അല്ലെന്നും വിസി എന്ന നിലയിൽ എല്ലാത്തിനെയും ചേർത്തുപിടിക്കുക എന്നതാണ് സ്വന്തം രീതി എന്നും കാലിക്കറ്റ് വിസി ഡോ. പി രവീന്ദ്രൻ പറഞ്ഞു.
താലിയോല രാഷ്ട്പതിഭവനിലേക്ക് കൊടുത്തത് പ്രദർശനത്തിന് മാത്രമാണ്. ലോൺ പദ്ധതി പോലെയാണ് കൊടുത്തത്. നൽകിയവയുടെ കോപി തന്നെ ഇവിടെയുണ്ട്. സ്റ്റോക് ബുക്കിൽ ഉൾപ്പെടെ രേഖപ്പെടുത്തിയാണ് കൊടുത്തത്. സീറ്റ് ദാനം എന്നതും തെറ്റാണ്. വലിയ അസുഖം നേരിടുന്ന, അർഹരായ ചിലർക്ക് മാത്രം ആണ് സീറ്റ് നൽകിയത്.അത് മാനുഷിക പരിഗണന ആണ്. അല്ലാതെ തന്നിഷ്ടം നടത്തിയതല്ലെന്നും വിസി പറഞ്ഞു.
അക്കാദമിക് വിഷയത്തെ രാഷ്ട്രീയ പ്രശ്നമായി കൂട്ടി കലർത്തരുത്. സംഗീതം ആണോ സാഹിത്യം ആണോ താരതമ്യം ചെയ്യേണ്ടത് എന്ന ആലോചന വന്നു. അപ്പോഴാണ് വിഷയ വിദഗ്ധരെ ആശ്രയിച്ചത്. ബിഎ മലയാളമായതുകൊണ്ട് വേടന്‍റെ പാട്ട് സാഹിത്യ പഠനത്തിന് ഇണങ്ങുന്നതല്ലെന്ന റിപ്പോര്‍ട്ടാണ് കിട്ടിയത്.
തുടര്‍ന്ന് റിപ്പോര്‍ട്ടിന്‍രെ അടിസ്ഥാനത്തിൽ ഒഴിവാക്കാൻ തീരുമാനിച്ചു. ഗൗരി ലക്ഷ്മി ചൊല്ലിയതും കോട്ടക്കൽ നാട്യ സംഘത്തിലെ ഒരാൾ ചൊല്ലിയതും തമ്മിലെ താരതമ്യമാണ് മറ്റൊരു വിഷയം. അത് സംഗീത പഠനത്തിന് അല്ലെ? മലയാള സാഹിത്യത്തിൽ ആവശ്യം ഇല്ലാലോയെന്നും വിസി പറഞ്ഞു. പാട്ട് വിഷയം അക്കാദമിക് വിഷയമായി കാണണം. രാഷ്ട്രീയ വിഷയം മാത്രമായി കാണരുത്. കാലിക്കറ്റ് ബോർഡ് ഓഫ് സ്റ്റഡീസിൽ മാത്രമാണ് വിഷയ വിദഗ്ധരുള്ളുവെന്ന ചിന്ത പാടില്ലെന്നും വിസി പറഞ്ഞു.
കാലിക്കറ്റ് സര്‍വകലാശാല ബിഎ മലയാളം മൂന്നാം സെമസ്റ്റര്‍ പാഠ്യപദ്ധതിയിൽ റാപ്പര്‍ വേടന്‍റെ പാട്ട് ഒഴിവാക്കി കാമ്പുള്ള രചനകള്‍ പകരം ചേര്‍ക്കണമെന്ന സിന്‍ഡിക്കറ്റ് അംഗം എകെ അനുരാജിന്‍റെയും മറ്റും പരാതിയിലാണ് വിഷയം പഠിച്ച് തീരുമാനമെടുക്കാൻ ഗവര്‍ണര്‍ നിര്‍ദേശിച്ച സാഹചര്യത്തിൽ യൂണിവേഴ്സിറ്റി മലയാളം പഠനവകുപ്പ് മുൻ മേധാവി കൂടിയായ ഡോ.എംഎം ബഷീറിനെ വിസി പരിശോധനക്ക് നിയോഗിച്ചിരുന്നു.
റാപ്പര്‍ വേടന്‍റെയും ഗായിക ഗൗരി ലക്ഷ്മിയുടെ കഥകളി സംഗീതവും പോപ്പ് ഗായകൻ മൈക്കിള്‍ ജാക്സന്‍റെ പാട്ടുകളും പാഠ്യപദ്ധതിയുമായി ബന്ധമില്ലാത്തതും പ്രസ്കതമല്ലാത്തതുമാമെന്നും പിന്‍വലിച്ച് ഉചിത പാഠഭാഗങ്ങള്‍ ചേര്‍ക്കണമെന്നുമാണ് എംഎം ബഷീര്‍ റിപ്പോര്‍ട്ട് നൽകിയത്. തുടര്‍ന്നാണ് ഇതുസംബന്ധിച്ച സെനറ്റ് യോഗത്തിൽ പ്രതിഷേധം ഉയര്‍ന്നത്. റിപ്പോര്‍ട്ട് അടുത്തമാസം 13ന് ചേരുന്ന അക്കാദമിക് കൗണ്‍സിൽ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി വിസി രംഗത്തെത്തിയത്. അക്കാദമിക് കൗണ്‍സിലിലെ തീരുമാനം വരുന്നതുവരെ മൂവരെയും പാട്ടുകള്‍ പാഠ്യപദ്ധതിയിൽ തുടരും.


