വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ല എന്ന് പറഞ്ഞതിനാണ് അധ്യാപകൻ ഇടിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ പറഞ്ഞു. സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് സ്കൂൾ മാനേജ്മെന്റ്.
കോട്ടയം: കോട്ടയം ഈരാറ്റുപേട്ടയിൽ വിദ്യാർത്ഥിയെ അധ്യാപകൻ മർദിച്ച സംഭവത്തിൽ കുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. നടക്കൽ സ്വദേശി സക്കീറിന്റെ മകൻ മിസ്ബായെ ആണ് അധ്യാപകൻ മർദിച്ചത്. കുട്ടി ഈരാറ്റുപേട്ടയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂളിൽ അധ്യാപകൻ സന്തോഷിന് എതിരെയാണ് പരാതി. പരീക്ഷക്ക് ചോദ്യം ചോദിച്ചത് കേട്ടില്ല എന്ന് പറഞ്ഞതിനാണ് അധ്യാപകൻ ഇടിച്ചതെന്ന് അഞ്ചാം ക്ലാസുകാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇടിക്കുകയും കൈയിൽ പിച്ചുകയും ചെയ്തു. കൈയുടെ തോളിലാണ് ഇടിച്ചത്. കൂടെ പഠിക്കുന്ന കുട്ടി ഇടിച്ചതു എന്തിനാണ് എന്ന് ചോദിച്ചപ്പോൾ നിനക്ക് എന്താ കാര്യം എന്ന് അധ്യാപകൻ ചോദിച്ചു. ഇടിച്ചതിനു ശേഷം ക്ലാസിന് പുറത്ത് പോകാൻ അധ്യാപകൻ സമ്മതിച്ചില്ലെന്നും കുട്ടി പറഞ്ഞു.
മകൻ വീട്ടിൽ കരഞ്ഞുകൊണ്ടാണ് വന്നതെന്ന് കുട്ടിയുടെ അമ്മ ഷക്കീല പറഞ്ഞു. കുട്ടിയുടെ തോളിലെ എല്ലിന് പൊട്ടലുണ്ട്. സംഭവം നടന്ന ദിവസം വൈകിട്ട് അധ്യാപകൻ വീട്ടിലേക്ക് വിളിക്കുകയും സംഭവിച്ചതെല്ലാം സമ്മതിക്കുകയും ചെയ്തെന്നും അധ്യാപകൻ ചെയ്തത് ഗുണ്ടായിസമാണെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം, സംഭവത്തിൽ ഉചിതമായ നടപടി ഉണ്ടാകുമെന്ന് സ്കൂൾ മാനേജ്മെന്റ് സെക്രട്ടറി മുഹമ്മദ് ഹാഷിം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സസ്പെൻസഷൻ അടക്കമുള്ള നടപടി ആദ്യം എടുക്കും. പ്രാഥമിക അന്വേഷണത്തിൽ അധ്യാപകൻ മർദിച്ചു എന്ന് കണ്ടെത്തി. നിയമപരമായി എടുക്കേണ്ട എല്ലാ നടപടികളും എടുക്കുമെന്നും എന്നും മാനേജ്മെന്റ് അറിയിച്ചു. അധ്യാപകന് എതിരെ സ്കൂൾ പിടിഎയും നടപടി ആവശ്യപ്പെട്ടു. വിഷയം അറിഞ്ഞ് അധ്യാപകനെ വിളിച്ചപ്പോൾ ദാഷ്ട്യത്തോടെ ആണ് പെരുമാറിയത് എന്ന് പിടിഎ പ്രസിഡന്റ് ഒ എ ഹാരീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് എടുക്കും എന്ന് പൊലീസ് അറിയിച്ചു.


