പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. പിന്നീട് സര്‍വ്വകലാശാല പത്ത് പേരില്‍ ഒന്‍പത് പേരുടെ ഫലം പ്രഖ്യാപിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം പ്രഖ്യാപിച്ചില്ല.
കോഴിക്കോട്: മലബാര്‍ ക്രിസ്റ്റ്യന്‍ കോളേജില്‍ ചോദ്യപ്പേപ്പര്‍ മാറിപ്പൊട്ടിച്ച സംഭവത്തില്‍ രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും പരീക്ഷ നടത്താനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ തീരുമാനത്തിനെതിരെ വിദ്യാര്‍ത്ഥികള്‍ രംഗത്ത്. പരീക്ഷയുടെ ഫലം അസാധുവാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണ്ണര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കി.
ബിഎസ്.സിയുടെ രണ്ടാം സെമസ്റ്റര്‍ ഉപഭാഷ ഹിന്ദിയുടെ ചോദ്യപ്പേപ്പറാണ് മാറിപ്പൊട്ടിച്ചത്. ഫിസിക്സ്, സുവോളജി വിഷയങ്ങളിലെ പത്ത് വിദ്യാര്‍ത്ഥികള്‍ക്കാണ് ഈ ചോദ്യപേപ്പര്‍ ഇന്‍വിജിലേറ്റര്‍ നല്‍കിയത്.ഇവര്‍ പരീക്ഷ എഴുതി. രണ്ട് വര്‍ഷം മുമ്പായിരുന്നു ഇത്.
പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ചോദ്യപേപ്പര്‍ മാറിയ കാര്യം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. പിന്നീട് സര്‍വ്വകലാശാല പത്ത് പേരില്‍ ഒന്‍പത് പേരുടെ ഫലം പ്രഖ്യാപിച്ചു. ഒരു വിദ്യാര്‍ത്ഥിയുടെ മാത്രം പ്രഖ്യാപിച്ചില്ല. ഇതിനെതിരെ പരാതിപ്പെട്ടപ്പോള്‍ പത്ത് പേരുടേയും ഫലം റദ്ദാക്കി വീണ്ടും പരീക്ഷ നടത്താന്‍ സര്‍വ്വകലാശാല തീരുമാനിച്ചെന്ന് വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടു.
നിലവില്‍ ഈ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ അവസാന വര്‍ഷ പരീക്ഷക്ക് തയ്യാറെടുക്കുകയാണ്. ഇതിനിടെ രണ്ട് വര്‍ഷം മുമ്പ് പഠിച്ച പേപ്പര്‍ വീണ്ടും എഴുതണമെന്ന് നിര്‍ദ്ദേശിക്കുന്നത് പ്രായോഗികമല്ലെന്നാണ് ഇവരുടെ വാദം.
