ക്ഷേമ പെൻഷൻ മുടങ്ങില്ലെന്നും തുക 3,000 രൂപയാക്കുമെന്നും മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ ഉറപ്പ് നൽകി. അനർഹരെ ഒഴിവാക്കി അർഹർക്ക് പെൻഷൻ ഉറപ്പാക്കുമെന്നും, സ്ത്രീ സുരക്ഷാ പെൻഷൻ സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ലോസ് ആഞ്ചൽസിൽ നിന്നൊരാൾ പെൻഷൻ കിട്ടിയില്ലെന്ന് പരാതിപ്പെട്ട കാര്യവും മുഖ്യമന്ത്രി സഭയിൽ സൂചിപ്പിച്ചു.

തിരുവനന്തപുരം: ലോസ് ആഞ്ചൽസിൽ ഉള്ളയാൾ വിളിച്ച് ക്ഷേമ പെൻഷൻ കിട്ടിയില്ലെന്ന് പറഞ്ഞുവെന്ന് സഭയിൽ വെളിപ്പെടുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. കഴിഞ്ഞ ദിവസം ഒരുദ്യോഗസ്ഥൻ പറഞ്ഞുവെന്ന് പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്. അതേസമയം, സ്ത്രീ സുരക്ഷാ പെൻഷൻ സാമൂഹ്യ ക്ഷേമ പെൻഷന്‍റെ ഭാഗമല്ലെന്നും മുഖ്യമന്ത്രി വി ഡി. സതീശൻ നിയമസഭയിൽ വ്യക്തമാക്കി. കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തുടങ്ങിയതാണ് ഈ പദ്ധതി. സ്ത്രീ സുരക്ഷാ പെൻഷൻ തുടരുന്നതിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സാമൂഹ്യ ക്ഷേമ പെൻഷൻ മുടങ്ങാതെ കൊടുക്കും. അതിനുള്ള നടപടികൾ സ്വീകരിക്കും. ഈ മാസത്തെ പെൻഷൻ ഉത്തരവ് നാളെ ഇറങ്ങുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ, മകൻ വിദേശത്തുള്ളത് കൊണ്ട് അമ്മക്ക് പെൻഷൻ അയോഗ്യത പറയുന്നതിൽ അർത്ഥമുണ്ടോ എന്ന് പ്രതിപക്ഷ നേതാവ് പിണറായി ചോദിച്ചു. അർഹരായവർക്ക് കിട്ടാതെ പോകരുതെന്നേ കരുതുന്നുള്ളൂവെന്ന് മുഖ്യമന്ത്രി മറുപടി നൽകി. ക്ഷേമപെൻഷൻ 3,000 രൂപയാക്കുന്നതിൽ കാലതാമസമുണ്ടാകില്ല. ജനങ്ങളോട് നൽകിയ വാഗ്ദാനം എത്രയും പെട്ടെന്ന് പാലിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുടങ്ങാതെ പെൻഷൻ നൽകാൻ എല്ലാ നടപടിയും സ്വീകരിക്കും. ഗുണഭോക്താക്കളുടെ കാര്യം പരിശോധിക്കും. അർഹരായ ആളുകൾ പുറത്ത് നിൽക്കുന്നു. അനർഹരായവർ പട്ടികയിലുണ്ടെന്നും ഇത് പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉമ്മൻചാണ്ടി ഇൻഷുറൻസ് പദ്ധതി നടപ്പാക്കുമെന്നും വിശദമായ ചർച്ച ബന്ധപ്പെട്ട വകുപ്പുകൾ നടത്തുന്നുണ്ടെന്നും 25 ലക്ഷം രൂപ കുടുംബത്തിന് കിട്ടും വിധമാണ് പദ്ധതി ആസൂത്രണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.