കോഴിക്കോട്: ലോകം മുഴുവൻ ആരാധിക്കുന്ന നരേന്ദ്രമോദിയുെട പടയാളിയും ശിഷ്യനുമാണ് താനെന്ന് സുരേഷ് ​ഗോപി എംപി. താൻ ബിജെപി പ്രവ‍ർത്തകനാണ് എന്ന് അഭിമാനത്തോടെ പറയുന്നു. അതിൻ്റെ പേരിൽ തന്നെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്തു വേണമെങ്കിലും വിളിക്കാമെന്നും സുരേഷ് ​ഗോപി പറ‍ഞ്ഞു. കോഴിക്കോട് കോ‍ർപ്പറേഷനിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

സിനിമനടനെന്നും കെട്ടിത്തൂക്കിയ എംപിയെന്നും പറഞ്ഞ് തന്നെ ബഹിഷ്കരിക്കുകയാണ് കേരളത്തിലെ ഇടതുവലതു മുന്നണികൾ. കോഴിക്കോട് പേരാമ്പ്ര പഞ്ചായത്തിലെ ഒരു പട്ടികജാതി കോളിനിയിലേക്ക് ഒരു റോഡ് പണിയാൻ താൻ ഫണ്ട് അനുവദിച്ചിട്ടും. പദ്ധതി നടപ്പാക്കാതിരിക്കാൻ കളക്ട‍ർ മുതൽ സകല ഉദ്യോ​ഗസ്ഥരും കഷ്ടപ്പെടുകയാണ്. 

സുരേഷ് ​ഗോപിയുടെ വാക്കുകൾ - 

അടിസ്ഥാനപരമായി ഞാനൊരു കലാകാരനാണ്. ലോകം മുഴുവൻ ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പടയാളിയാണ് ഞാൻ. അഴിമതി രഹിതമായ ഭരണനിർവഹണം പൗരൻ്റെ അവകാശമാണ് എന്നു കരുതുന്ന മോദിയുടെ ശിഷ്യനാണ്. ഞാൻ ബിജെപി പ്രവ‍ർത്തകനാണ് അതിനെ സംഘിയെന്നോ ചാണകസംഘിയെന്നോ എന്തു വേണമെങ്കിലും വിളിച്ചോള്ളൂ. ശ്രീനാരായണ ​ഗുരുവിൻ്റെ ചെമ്പഴന്തിയിലെ വീട് ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട് അതൊന്നു പോയി നോക്കൂ. അവിടെ ഇപ്പോഴും ചാണകം കൊണ്ടാണ് തറ മെഴുകിയത്. അതാണ് നമ്മൾ. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയിൽ നമ്മൾ മെഴുകിയത്.

ബിജെപി ഭരിക്കുന്ന കല്ലിയ‍ൂർ പഞ്ചായത്തിലേക്ക് വന്നു നോക്കൂ. കേന്ദ്രപദ്ധതികൾ വഴി ഒരു സിനിമനടനായ എംപി, കെട്ടിയിറക്കിയ ഈ എംപി  എന്തു ചെയ്തുവെന്ന് മനസിലാക്കാം. അഴിമതിരഹിത ഭരണമാണ് ഏഴാം വ‍ർഷത്തിലേക്ക് കടന്ന് ഇപ്പോഴും തുടരുന്നത്. കേരളം മലയാളിയുടേതാണെങ്കിൽ കേരളത്തിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മുറിവേറ്റ നിങ്ങൾ താമര ചിഹ്നത്തിൽ വോട്ട് രേഖപ്പെടുത്തണം. 

ഞാൻ ചങ്കൂറ്റത്തോടെ പറയുകയാണ്. കേരളത്തിൽ ഒരായിരം പഞ്ചായത്തുകൾ ഞങ്ങൾക്ക് തരൂ. എന്താണ് ഭരണമെന്ന് കാണിച്ചു തരാം. 48 വ‍ർഷമായി ഇടതൻമാ‍ർ ഭരിക്കുന്ന കോർപ്പറേഷനാണ് കോഴിക്കോട്. എസ്.കെ.പൊറ്റക്കാട് കോഴിക്കോടിനെ വിശേഷിപ്പിച്ചത് നന്മയുടെ ന​ഗരം എന്നാണ് ആ കോ‍ർപ്പറേഷനിൽ ഇപ്പോഴും കുടിവെള്ളം കിട്ടുന്നില്ലെന്ന് പറഞ്ഞത് മഹാനായ എം.ടി.വാസുദേവൻ നായ‍രാണ്. 

സംഘി എംപിയുടെ പദ്ധതി നടപ്പാക്കേണ്ട എന്ന നിഷേധരാഷ്ട്രീയമാണ് ഇവിടെ നടപ്പാക്കുന്നത്. ഇതിനെ വകവരുത്താൻ ജനങ്ങൾ സ്വന്തം സമ്മതിദാനാവകാശം വിനിയോഗിക്കണം. കോഴിക്കോട് കോംട്രസ്റ്റിൻ്റെ പുനരുദ്ധാരണത്തിന് വേണ്ടി രാഷ്ട്രപതിയെ കാണാൻ വിളിച്ചിട്ട് പോലും ആരും വന്നില്ല. കേരളത്തിന് വേണ്ടി എന്തു ചെയ്യാൻ സാധിക്കുമോ എൻ്റെ പരമാവധി ഞാൻ ചെയ്യാൻ ശ്രമിക്കുകയാണ്. 

ഇവിടെ കോഴിക്കോട് പേരാമ്പ്രയിലെ ഒരു പട്ടികജാതി കോളനിയിലേക്ക് ഒരു റോഡുണ്ടാക്കാൻ മൂന്ന് വർഷമായി ഞാൻ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. പേരാമ്പ്ര പഞ്ചായത്ത് ഭരിക്കുന്നത് ബിജെപിയാണെങ്കിൽ അവിടെ എന്നേ ഒരു റോഡ് വന്നേനെ. 2021-ലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ ഈ കെട്ടിയിറക്കിയ എംപിയുടെ ഒരു പദ്ധതിയും നടപ്പാക്കില്ലെന്ന വാശിയാണ് ഇവിടുത്തെ നികൃഷ്ട രാഷ്ട്രീയക്കാ‍ർ.  ഇതിനെതിരെ വോട്ടർമാർ യുക്തിപരമായി ചിന്തിച്ച് വോട്ടു ചെയ്യണം. 

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ ശരിക്കും എലത്തൂരാണ് വേണ്ടത്. അവിടേക്ക് ആളുകൾ സ‍ഞ്ചരിച്ചു തുടങ്ങിയാൽ ഒരു 5000 ഓട്ടോക്കാർക്കെങ്കിലും ഗുണം കിട്ടും ബസുകാർക്ക് യാത്രക്കാരെ കിട്ടും. കൊച്ചിയിൽ നഗരഹൃദയത്തിൽ നിന്നും മാറിയാണ് വിമാനത്താവളം പണിത്തത്. അവിടെ ആളുകൾ എത്തുന്നില്ലേ. ഇതൊക്കെ പറഞ്ഞാൽ കോർപ്പറേറ്റാണെന്ന് പറയും. ഇവിടെ മാനഞ്ചിറയാണെങ്കിലും മറ്റു പദ്ധതികളാണെങ്കിലും ജനങ്ങളുടെ തൊണ്ട നനയ്ക്കാൻ വേണ്ട വിപുലമായ ജലവിതരണപദ്ധതിയാണ് നടപ്പാക്കേണ്ടത്. 

1986 മുതൽ സ്ഥിരമായി ഞാൻ കോഴിക്കോട് വരാറുണ്ട്. ഇവിടുത്തെ ഭക്ഷണം അത്രയും ആസ്വദിച്ച് കഴിച്ചിട്ടുണ്ട്. കോഴിക്കോട് കോംട്രസ്റ്റിലെ ജീവനക്കാരോട് ചോദിക്ക് അവിടെ ഏതെങ്കിലും ഒരു സിനിമാനടൻ അവിടെ ചെന്ന് ഒരു പതിറ്റാണ്ട് കാലം തുടർച്ചയായി ഷോപ്പിംഗ് നടത്തിയിട്ടുണ്ടോ എന്ന്. ഈ അടുത്തു കാലം വരെ കോംട്രസ്റ്റിലെ ഉത്പന്നങ്ങൾ ഞാൻ എന്റെ വീട്ടിൽ ഉപയോഗിച്ചിരുന്നു. അത്രയും ​ഗുണമേന്മയുള്ള ഉത്പന്നങ്ങളാണ് അവരുണ്ടാക്കിയിരുന്നത്. കോംട്രസ്റ്റ് ഇപ്പോഴും കേന്ദ്രസർക്കാരിൻ്റെ കൈയ്യിലാണ്. രാഷ്ട്രീയത്തിന് അതീതമായ ജനകീയപ്രവർത്തനത്തിലൂടെ മാത്രമേ അതിനെ തിരികെ കൊണ്ടുവരാനാവൂ. 

കോം ട്രസ്റ്റിന് വേണ്ടി രാഷ്ട്രപതിയെ കാണാൻ വരാൻ നിങ്ങളുടെ എംപി രാഘവേട്ടൻ (എംകെ രാഘവൻ) തയ്യാറുണ്ടോ. വിഷയവുമായി ബന്ധപ്പെട്ട് ഇവിടുത്തെ തൊഴിലാളി യൂണിയൻ നേതാക്കളെ ഒരു നൂറുവട്ടം ഞാൻ വിളിച്ചിട്ടുണ്ട്. ഒരാൾ പോലും എന്നെ കാണാൻ വന്നില്ല. അത്യാധുനിക മരം മുറി യന്ത്രങ്ങൾ കൊണ്ടു വന്ന് കല്ലായിയിലെ മരവ്യവസായത്തെ പുനരുജ്ജീവിപ്പിച്ചൂടെ തലമുറമാറ്റം വേണം എല്ലാ തൊഴിൽ മേഖലയിലും. ഇതെല്ലാം മുരടിപ്പിച്ച സർക്കാരിനെയാണോ നിങ്ങൾ വികസനം താരത്മ്യം ചെയ്യാൻ എടുക്കുന്നത്. നിഷ്കാസനം ചെയ്യണം ഈ സർക്കാരിനെ. നാളെ ഒരു ദിവസം കൂടി സമയമുണ്ട്. നിങ്ങൾ നന്നായി ആലോചിക്കൂ. 

ഞങ്ങൾ ഭരിക്കുകയല്ല നിങ്ങളുടെ നിയന്ത്രണത്തിൽ നിൽക്കുന്ന നിങ്ങളുടെ ആവശ്യം നടപ്പാക്കുന്ന ഒരു സംവിധാനം കൊണ്ടു വരികയാണ് ചെയ്യുന്നത്. 75 ഡിവിഷനുള്ള കോഴിക്കോട് കോർപ്പറേഷനിൽ 74 ഇടത്തും ബിജെപി മത്സരിക്കുന്നു. എൻ്റെ അതിമോഹമാണ് പറയുന്നത് ഒരു 55 പേരെ തന്നാൽ അല്ലെങ്കിൽ ഒരു 45 പേരെ തന്നാൽ അല്ലെങ്കിൽ ഒരു 40 പേരെ തന്നാൽ എന്താണ് ഭരണമെന്ന് കാണിച്ചു തരാം.തിരുവനന്തപുരം പിടിക്കും തൃപ്പൂണിത്തുറ പിടിക്കും കണ്ണൂരിൽ മുന്നേറും എന്നൊക്കെ പറയുന്നു. പിടിച്ചെടുക്കുന്നുവെന്നല്ല കോഴിക്കോട് കോ‍ർപ്പറേഷനിൽ താമരക്കുട്ടൻമാ‍ർ നിറയണം എന്നാണ് ഞാൻ പറയുന്നത്.  ഇന്നലെ വിഴിഞ്ഞത് ഒരു കോൺ​ഗ്രസുകാരൻ്റെ ഭാര്യയെ ചവിട്ടി ​ഗ‍ർഭം അലസിപ്പിച്ചു. ഞാൻ അവിടെ പോകാനില്ല. ആരേയും കാണാനുമില്ല. ഇതൊക്കെ കണ്ട് പരമപുച്ഛം അടക്കി വീട്ടിലിരുന്നോളാം. അതാണ് ഇവിടുത്തെ രാഷ്ട്രീയവ്യവസ്ഥയുടെ അവസ്ഥ.