ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്.ഉപയോഗിക്കുമ്പോള്‍ ചൂടാകുന്നുവെന്നായിരുന്നു പരാതി.ക്യാമറകള്‍ മാറ്റിവാങ്ങാതെ സ്റ്റോറിൽ കൂട്ടിയിട്ടു.കരാർ മാനദണ്ഡങ്ങള്‍ പോലും പാലിച്ചില്ലെന്ന് ആക്ഷേപം 

തിരുവനന്തപുരം:പൊതുഇടങ്ങളിൽ ജോലി ചെയ്യുന്ന പൊലീസുകാരുടെ ഇടപെടലുകൾ നിരീക്ഷിക്കാൻ ഏര്‍പ്പെടുത്തിയ ക്യാമറ സംവിധാനവും പൂട്ടിക്കെട്ടി. ഒരു കോടിയോളം രൂപ ചെലവഴിച്ച് വാങ്ങിയ ബോഡി വോണ്‍ ക്യാമറകളാണ് പല യൂണിറ്റുകളിലായി ഉപയോഗ ശൂന്യമായി കിടക്കുന്നത്. വേണ്ടത്ര സാങ്കേതിക പരിശോധനയൊന്നും കൂടാതെയാണ് ക്യാമറ വാങ്ങിയതെന്ന വിമര്‍ശനം തുടക്കം മുതലുണ്ടായിരുന്നു. 

പൊലീസുകാരെ നിരീക്ഷിക്കാൻ ലക്ഷങ്ങൾ ചെലവാക്കി കൊണ്ടുവന്ന ക്യാമറ സംവിധാനം പൂട്ടിക്കെട്ടി| Kerala Police

ഏറെ കൊട്ടിഘോഷിച്ചാണ് കേരള പൊലീസ് ബോഡി വോൺ ക്യാമറകൾ വാങ്ങിയതും പരീക്ഷിച്ച് തുടങ്ങിയതും. വാഹനപരിശോധനക്കിടെ പൊലീസുകാര്‍ മാന്യമായി പെരുമാറുന്നുണ്ടോ എന്ന് ഉറപ്പ് വരുത്താനും പൊലീസുകാർക്കാർക്കെതിരെ ആക്രമണുമുണ്ടാൽ തെളിവ് ലഭിക്കാനും മാത്രമല്ല ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാര്‍ക്ക് ക്യാമറ നൽകി തിരക്ക് നിരീക്ഷിക്കാൻ കൂടി ലക്ഷ്യമിട്ടായിരുന്നു പദ്ധതി നടപ്പാക്കിയത്. രണ്ടു കമ്പനികളിൽ നിന്നായി വാങ്ങിയത് 310 ക്യാമറ. അതിൽ തന്നെ 180 ക്യാമറയിൽ ലൈവ് സ്ട്രീമിംഗ് സംവിധാനം. ആകെ ചെലവ് 99,50,055 രൂപ. യൂണിഫോമിൽ ക്യാമറയും ഘടിപ്പിച്ച് പൊലീസുകാരിൽ ഒരു സ്ഥലത്തുനിന്നാൽ ദൃശ്യങ്ങള്‍ കണ്‍ട്രോള്‍ റൂമിൽ വരെ ലഭിക്കുമായിന്ന സംവിധാനത്തിന് പക്ഷെ ആഴ്ചകൾ മാത്രമായിരുന്നു ആയുസ്സ്. ദേഹത്ത് ഘടിപ്പിച്ച് വയ്ക്കുന്ന ക്യാമറ ചൂടാകുന്നുണ്ടെന്ന പരാതി വ്യാപകമായി പൊലീസുകാര് ഉന്നയിച്ചതിന് പിന്നാലെ ഉപയോഗം നിര്‍ത്തിവച്ചു.

 വിവിധ ജില്ലകളിലേക്ക് നൽകിയ ക്യാമറകൾ മാസം രണ്ട് കഴിയും മുമ്പേ പൂട്ടിക്കെട്ടി. സാങ്കേതിക പ്രശ്നങ്ങളുണ്ടായാൽ തിരിച്ചെടുക്കണമെന്ന ടെണ്ടര്‍ വ്യവസ്ഥ മുതലാക്കാൻ പോലും പൊലീസ് ശ്രമിച്ചതുമില്ല, എല്ലാ യൂണിറ്റിലെയും സ്റ്റോറുകളിൽ കെടുകാര്യസ്ഥതയുടെയും ധൂർത്തിൻെറയും പ്രതീകമായി പൊടിയടിച്ച് കിടക്കുകയാണ് ലക്ഷങ്ങൾ വിലവരുന്ന ക്യാമറകളിപ്പോൾ. പൊതുജനങ്ങളോട് മോശമായി പെരുമാറിയാൽ കൈയോടെ പിടിവീഴുന്ന സംവിധാനമായതിനാൽ ചില ഉദ്യോഗസ്ഥർക്ക് തുടക്കമുതലേ ഉപയോഗിക്കാനും മടിയായിരുന്നു. ക്യാമറകളെന്ത് ചെയ്തെന്ന് ഉന്നത ഉദ്യോഗസ്ഥരാരും ഇതുവരെ അന്വേഷിച്ചിട്ടുമില്ല. പലവഴി പാഴാക്കിയ കോടികൾക്കിടയിൽ ക്യാമറക്ക് മുടക്കിയ കാശും ഖജനാവിന് നഷ്ടം .