തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി പ്രഖ്യാപനം നീളും. ഇന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ചേർന്നെങ്കിലും അന്തിമ ധാരണയിലെത്തിയില്ല. അഞ്ചിൽ നാലിലും ആശയക്കുഴപ്പം തുടരുകയാണ്. എൽഡിഎഫ് കണ്‍വെൻഷനുകൾ 29,30 തീയതികളിൽ നടക്കും.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചിടങ്ങളിലും സിപിഎം സ്ഥാനാർത്ഥികളാണ് എന്നതിനാല്‍ ഇനിയുള്ള കടമ്പ പാർട്ടി തീരുമാനം മാത്രമാണ്. എന്നാൽ പെട്ടെന്ന് ഒരു തീരുമാനത്തിലെത്താതെ സാവകാശമെടുക്കാനാണ് സിപിഎം തീരുമാനം. പിണറായി വിജയനും പോളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രൻ പിള്ളയും പങ്കെടുത്ത് സംസ്ഥാന സെക്രട്ടറിയേറ്റ് ചേർന്നെങ്കിലും നിർദ്ദേശിക്കപ്പെട്ട പേരുകൾ പരിശോധിച്ച ശേഷം ജില്ലാസെക്രട്ടറിയേറ്റിൽ വീണ്ടും ചർച്ചചെയ്യാൻ തീരുമാനിച്ചു.നാളെ മുതൽ ജില്ലാ സെക്രട്ടറിയേറ്റുകൾ ചേരും. വെള്ളിയാഴ്ച വീണ്ടും സംസ്ഥാന സെക്രട്ടറിയേറ്റ് ചേരും.

വട്ടിയൂർക്കാവിൽ വലിയ ആശയക്കുഴുപ്പത്തിലാണ് സിപിഎം.ജില്ലയിൽ നിന്നുള്ള സംസ്ഥാനസമിതി അംഗങ്ങൾ വി.കെ.പ്രശാന്തിന്‍റെ പേരാണ് ഉയർത്തിക്കാട്ടുന്നത്. സംസ്ഥാന നേതൃത്വത്തിനും പ്രശാന്തിനോടാണ് ആഭിമുഖ്യം എന്നാൽ സാമുദായിക ഘടകവും നഗരസഭയുടെ ഭാവിയും തടസമായി നില്‍ക്കുന്നു. 

ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ മുന്നോട്ട് വെച്ച കെ.എസ്.സുനിൽകുമാറിന്‍റെ പേരും പരിഗണനയിലുണ്ട് .കോന്നിയിൽ ഉദയഭാനുവിനേയും രാജേന്ദ്രനേയും പാര്‍ട്ടി സജീവമായി പരിഗണിക്കുന്നു. അരൂരിൽ സി.ബി.ചന്ദ്രബാബുവിനാണ് കൂടുതല്‍ സാധ്യത. എന്നാല്‍ മന്ത്രി ജി.സുധാകരന്‍ മനു.സി.പുളിക്കനെന്ന് യുവ നേതാവിനെ പിന്തുണക്കുന്നു.

എറണാകുളത്ത് സിപിഎം സ്വതന്ത്രന്‍റെ സാധ്യത സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നു പരിശോധിച്ചു. മഞ്ചേശ്വരത്ത് കന്നട മേഖലയിലെ നേതാവായ ദയാനന്ദക്കാണ് ആദ്യപരിഗണന. ജില്ലാ സെക്രട്ടറിയേറ്റിലെ ചർച്ചകളാകും ഇനി നിർണ്ണായകം. അതേ സമയം ഇന്ന് എൽ‍ഡിഎഫ് യോഗം ചേർന്ന് അഞ്ച് മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കാൻ സിപിഎമ്മിന് അംഗീകാരം നൽകി.വരുന്ന 29ന് വട്ടിയൂർക്കാവ്,മഞ്ചേശ്വരം,കോന്നി മണ്ഡലങ്ങളിലും 30ന് എറണാകുളം ,അരൂർ മണ്ഡലങ്ങളിലും എൽഡിഎഫ് കണ്‍വെൻഷനുകൾ  ചേരും.