Asianet News MalayalamAsianet News Malayalam

മരടിലെ അനധികൃത ഫ്ളാറ്റുകള്‍: നിയമം നടപ്പാക്കും, സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കില്ലെന്ന് എ സി മൊയ്തീന്‍

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റുകള്‍ ഈ മാസം ഏഴിനകം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് മരട് നഗരസഭ അധികൃതരും ഫ്ളാറ്റ് ഉടമകളുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയത്. 

cant go for review petition against supreme court verdict regarding demolishing maradu flat
Author
Thiruvananthapuram, First Published Jun 1, 2019, 8:26 PM IST

കൊച്ചി: മരട് നഗരസഭയില്‍ നിയമം ലംഘിച്ച് നിര്‍മിച്ച ഫ്ളാറ്റുകള്‍ പൊളിക്കണമെന്ന സുപ്രീം കോടതി ഉത്തരവ് നടപ്പാക്കുന്നതിന് സാവകാശം തേടി സര്‍ക്കാര്‍ റിവ്യൂ ഹര്‍ജ്ജി നല്‍കില്ലെന്ന് തദ്ദേശഭരണ മന്ത്രി എ സി മൊയ്തീന്‍. എന്നാല്‍ കോടതി സര്‍ക്കാരിന്‍റെ നിലപാട് ആരാഞ്ഞാല്‍ ഫ്ളാറ്റ് പൊളിക്കുന്നതു സംബന്ധിച്ച പാരിസ്ഥിതിക പ്രശ്നങ്ങള്‍ ബോധ്യപ്പെടുത്തും. ഫ്ളാറ്റ് ഉടമകളും നഗരസഭാ അധികൃതരുമായുളള ചര്‍ച്ചയ്ക്ക് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. 

തീരദേശ പരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച അഞ്ച് ഫ്ളാറ്റുകള്‍ ഈ മാസം ഏഴിനകം പൊളിക്കണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് മരട് നഗരസഭ അധികൃതരും ഫ്ളാറ്റ് ഉടമകളുമായി തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി ചര്‍ച്ച നടത്തിയത്. പാരിസ്ഥിതിക നിയമം ലംഘിച്ചാണ് നിര്‍മാണമെന്ന കാര്യം നിര്‍മാതാക്കള്‍ മറച്ചു വച്ചെന്നും തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് സുപ്രീം കോടതി വിധി പറഞതെന്നും ഫ്ളാറ്റ് ഉടമകള്‍ പറഞ്ഞു. നിയമലംഘനം അനുവദിക്കാനാകില്ലെന്നും കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമെന്നും മന്ത്രി വ്യക്തമാക്കി. ഫ്ളാറ്റുകള്‍ പൊളിച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ സംബന്ധിച്ച് ചെന്നൈ ഐഐടിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. 

ഫ്ളാറ്റുകള്‍ പൊളിക്കാനുളള ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന മരട് നഗരസഭയുടെ ആവശ്യം സര്‍ക്കാര്‍ തളളി. നിയമം അനുസരിച്ച് നഗരസഭ തന്നെയാണ് ഈ ചെലവ് വഹിക്കേണ്ടതെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം,തങ്ങളുടെ ഭാഗം കേള്‍ക്കണം എന്ന ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് ഫ്ളാറ്റ് ഉടമകളുടെ തീരുമാനം. ഫ്ളാറ്റുകള്‍ പൊളിച്ചുനീക്കണമെന്ന സിംഗിള്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് ഒരു ഫ്ളാറ്റ് ഉടമ സമര്‍പ്പിച്ച ഹര്‍ജ്ജി സുപ്രീം കോടതി തളളിയിരുന്നു.

Follow Us:
Download App:
  • android
  • ios