സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മൂവാറ്റുപുഴ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കൊച്ചി: കോൺഗ്രസിലെ ക്യാപ്റ്റൻ വിവാദത്തിൽ പാർട്ടി നേതൃത്വം പക്വത കാണിക്കണമെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. ക്യാപ്റ്റൻ, കപ്പിത്താൻ, കാരണഭൂതൻ തുടങ്ങിയ വാക്കുകൾ യുഡിഎഫ് പ്രവർത്തകർ വെറുക്കുന്നതാണ്. സമൂഹമാധ്യമങ്ങളിൽ നരേറ്റീവ് നൽകുന്ന ശൈലി പാർട്ടിക്ക് ഗുണം ചെയ്യില്ലെന്നും മൂവാറ്റുപുഴ എംഎൽഎ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

നിലമ്പൂര്‍ വിജയം പ്രവർത്തകർക്ക് നൽകിയ ആത്മവിശ്വാസം അനാവശ്യ ചർച്ചകൾ വഴി ഇല്ലാതാക്കരുതെന്നും നേതൃത്വത്തോട് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടു. നിലവിലെ ക്യാപ്റ്റൻ ചർച്ച അനാവശ്യമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

അതേസമയം, നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ജയത്തിലെ ക്രെഡിറ്റ് തര്‍ക്കത്തിനിടെ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ഇന്ന് ചേരും. ക്രെഡിറ്റ് തർക്കം മാറ്റി വച്ച് പാർട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി പോകണമെന്നതാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളുടെ വികാരം. ക്യാപ്റ്റനെന്ന് സതീശനെ മാധ്യമങ്ങള്‍ വിശേഷിപ്പിച്ചതിൽ ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചിരുന്നു.

മറുപടിയായി മേജറെന്ന് ചെന്നിത്തലയെ സതീശൻ വിശേഷിപ്പിക്കുകയും ചെയ്തു. അന്‍വറിനായി വാതിൽ തുറക്കില്ലെന്ന് സതീശന്‍റെ നിലപാടിന് കോണ്‍ഗ്രസിലെ കൂടുതൽ നേതാക്കളുടെ പിന്തുണയുണ്ട്. അതേ സമയം ലീഗ് വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച സാഹചര്യത്തിൽ ഈ വിഷയവും രാഷ്ട്രീയകാര്യ സമിതിയിൽ ചര്‍ച്ചയാകാൻ സാധ്യതയുണ്ട്. രാവിലെ പത്തരയ്ക്ക് തുടങ്ങുന്ന യോഗം ഉച്ച വരെ നീളും. പാർട്ടി പുനസംഘടനയും ചർച്ചയാകാൻ സാധ്യതയുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും പങ്കെടുക്കും.

തന്‍റെ നേതൃത്വത്തിൽ നേരത്തെ എത്രയോ ഉപതെരഞ്ഞെടുപ്പ് ജയിച്ചിട്ടുണ്ടെന്നും അന്ന് തന്നെയാരും ക്യാപ്ടൻ ആക്കിയില്ലെന്നും കാലാളും ആക്കിയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല ഇന്നലെ വിമര്‍ശനം ഉന്നയിച്ചത്. സതീശനെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചതിൽ ഏഷ്യാനെറ്റ് ന്യൂസിനോടാണ് ചെന്നിത്തല പരിഭവം പ്രകടിപ്പിച്ചത്. 

പ്രതിപക്ഷ നേതാവ് നന്നായി പ്രവർത്തിച്ചുവെന്നും ഇതിനോടൊപ്പം ചെന്നിത്തല പറഞ്ഞു. ഒറ്റക്കെട്ടായി നിന്നാൽ ഏത് സീറ്റിലും ജയിക്കാം എന്നതാണ് നിലമ്പൂർ പാഠം. ലീഗിനും തങ്ങൾക്കും കുഞ്ഞാലിക്കുട്ടിക്കും ബിഗ് സല്യൂട്ട് നൽകുന്നു. ഇടത് സർക്കാരിന് കിട്ടിയത് വലിയ പ്രഹരമാണ്. ലീഗ് ഷൗക്കത്തിനെ സ്വന്തം സ്ഥാനാർഥിയായി കണ്ടു. ആർഎസ്എസ് വോട്ട് പിടിച്ചത് സ്വരാജാണ്. നിലമ്പൂരിൽ സർക്കാർ വിരുദ്ധ വികാരം അലയടിച്ചു. ഭരണമാറ്റത്തിന്റ കേളി കൊട്ട് നിലമ്പൂരിൽ ഉയർന്നുവെന്നും ചെന്നിത്തല പറഞ്ഞു.

താൻ പറഞ്ഞത് ടീം യുഡിഎഫ് എന്നാണെന്നും തന്നെ ക്യാപ്റ്റൻ എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിൽ രമേശ് ചെന്നിത്തല മേജറാണെന്നുമായിരുന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ മറുപടി.

YouTube video player