1992ൽ കപ്പലിന്റെ സെക്കന്റ് ഓഫീസറാകാനുള്ള പരീക്ഷകൾ എഴുതുന്നതിനിടെ വിഴിഞ്ഞത്ത് കപ്പൽ അടുക്കുന്നത് സ്വപ്നം കണ്ടിരുന്ന ഒരു 20കാരനായിരുന്നു ക്യാപ്റ്റൻ ജിഎൻ ഹരി. 32 വർഷങ്ങൾക്കിപ്പുറം വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമ്പോൾ കരയിൽ നിന്ന് കടിഞ്ഞാൺ നിയന്ത്രിക്കുന്നത് ഹരി ഗോപാലാൻ നായരെന്ന ഈ ക്യാപ്റ്റനാണ്.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തേക്ക് ആദ്യമെത്തുന്ന ഡാനിഷ് കപ്പൽ സാൻ ഫർണാണ്ടോയ്ക്കുമുണ്ട് മലയാളി ബന്ധം. കരയിൽ നിന്ന് കപ്പലിന്റെ ചുമതലകൾ നിർവഹിക്കുന്ന സേഫ്റ്റി ആന്റ് ക്വാളിറ്റി മാനേജർ, തിരുവനന്തപുരം സ്വദേശി ക്യാപ്റ്റൻ ജിഎൻ ഹരിയാണ്. ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്.
1992ൽ കപ്പലിന്റെ സെക്കന്റ് ഓഫീസറാകാനുള്ള പരീക്ഷകൾ എഴുതുന്നതിനിടെ വിഴിഞ്ഞത്ത് കപ്പൽ അടുക്കുന്നത് സ്വപ്നം കണ്ടിരുന്ന ഒരു 20കാരനായിരുന്നു ക്യാപ്റ്റൻ ജിഎൻ ഹരി. 32 വർഷങ്ങൾക്കിപ്പുറം വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമ്പോൾ കരയിൽ നിന്ന് കടിഞ്ഞാൺ നിയന്ത്രിക്കുന്നത് ഹരി ഗോപാലാൻ നായരെന്ന ഈ ക്യാപ്റ്റനാണ്. . ബർണാഡ് ഷൂൾട്ടെ ഷിപ്പ് മാനേജ്മെന്റ് എന്ന ജർമൻ കമ്പനിക്കാണ്, വിഴിഞ്ഞത്തെത്തുന്ന സാൻ ഫെർണാണ്ടോ കപ്പലിന്റെ കരയിൽ നിന്നുള്ള നിയന്ത്രണം. കപ്പലിന്റെ സുരക്ഷ, ക്രൂവിന്റെ സുരക്ഷിതത്വം, പാരിസ്ഥിതിക സംരക്ഷണം, ഇതെല്ലാം കരയിൽ നിന്ന് ഉറപ്പാക്കേണ്ട ബാധ്യത ഈ കമ്പനിക്കാണ്.
ബർണാഡ് ഷൂൾട്ടെ ഷിപ്പ് മാനേജ്മെന്റ് കമ്പനിക്ക് ആകെ 477 കപ്പലുകളുടെ നിയന്ത്രണമുണ്ട്. ഇതിൽ സാൻ ഫെർണാണ്ടോയുടെ ചുമതലയാണ് ക്യാപ്റ്റൻ ഹരിക്ക്. എസ്ആർ ഷിപ്പിംഗ് ലിമിറ്റഡിൽ കേഡറ്റായിരുന്നു തുടക്കം.
ഒൻപത് വർഷം ക്യാപ്റ്റനായിരുന്നു. പലതവണ വിഴിഞ്ഞം തുറമുഖത്തിനായുള്ള പഠനങ്ങൾക്ക് സഹായിയായി.
നിലവിൽ സാൻ ഫെർണാണ്ടോ ഉൾപ്പടെ 22 കപ്പലുകളുടെ ചുമതലയാണ് ക്യാപ്റ്റൻ ഹരിക്കുള്ളത്. ക്യാപ്റ്റൻ ഹരിയുടെ വിരൽ തുമ്പിലുണ്ട് ഈ കപ്പലുകളെ കുറിച്ചുള്ള വിവരങ്ങളെല്ലാം.
പിന്നെയുമുണ്ട് മലയാളി ബന്ധം. ഉക്രെയ്ൻക്കാരനായ ക്യാപ്റ്റന് കീഴിലെ 22 അംഗ ക്രൂവിൽ ഒരു പാലക്കാടുകാരനുമുണ്ട്. ബംഗാൾ സ്വദേശിനിയായ 33 കാരിയാണ് സാൻ ഫെർണാണ്ടോയുടെ സെക്കന്റ് ഓഫീസർ. മെഴ്സിക്കിന്റെ സാൻ എഫ് സീരിലാകെ നാല് കപ്പലുകളാണുള്ളത്. ചൈനയിൽ നിന്നുള്ള സാൻ ഫെർണാണ്ടോയുടെ യാത്ര ശാന്തമായിരുന്നു. ശാന്തസുന്ദരമായ യാത്ര പൂർത്തിയാക്കി സാൻ ഫെർണാണ്ടോ വിഴിഞ്ഞം തീരത്തേക്ക് അടുക്കുകയാണ്. നങ്കൂരമിടലിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.
