നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചു,കയ്പമംഗലം വഞ്ചിപ്പുരയിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം
സുഹൃത്തുക്കളായ 7പേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുമ്പോഴാണ് അപകടം

തൃശ്ശൂര്‍: കയ്പമംഗലം വഞ്ചിപ്പുരയിൽ കാർ മരത്തിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. 4 പേർക്ക് പരിക്ക്. കയ്പമംഗലം പള്ളിത്താനം സ്വദേശികളായ മതിലകത്ത് വീട്ടിൽ മുഹമ്മദിൻ്റെ മകൻ അബ്ദുൽ ഹസീബ് (19), കുന്നുങ്ങൾ അബ്ദുൽ റസാക്കിൻ്റെ മകൻ ഹാരിസ് (19) എന്നിവരാണ് മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നേകാലോടെ മാടാനിക്കുളം വഞ്ചിപ്പുര റോഡിലായിരുന്നു അപകടം. സുഹൃത്തുക്കളായ 7പേരാണ് കാറിൽ ഉണ്ടായിരുന്നത്. ചളിങ്ങാട് നബിദിന ആഘോഷത്തിന്‍റെ ഭാഗമായുള്ള പരിപാടികൾ കണ്ട് മടങ്ങുകയായിരുന്നു സംഘം. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിലിടിച്ചായിരുന്നുഅപകടം. പരിക്കേറ്റവരെ ശിഹാബ് തങ്ങൾ, മിറാക്കിൾ ആംബുലൻസ് പ്രവര്ത്തകർ കൊടുങ്ങല്ലൂരിലെ എ.ആർ.ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ട് പേർ മരിച്ചു. വലപ്പാട് സ്വദേശികളായ അഭയ് കൃഷ്ണ, അനന്തു, അർജുൻ, കയ്പമംഗലം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കറ്റത്. കയ്പമംഗലം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.