തൃശൂർ തൃപ്രയാറിൽ കാറിലെത്തിയ സംഘത്തെ മറ്റൊരു കാറിലെത്തിയവർ ആക്രമിച്ച് 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. കാറിന്റെ ചില്ല് തകർത്ത് മുളക് പൊടി സ്പ്രേ ചെയ്താണ് പാലക്കാട് സ്വദേശികളിൽ നിന്ന് പണം കവർന്നത്. സംഭവത്തിൽ അന്തിക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂർ: കാറിൽ ഉണ്ടായിരുന്നവരെ മറ്റൊരു കാറിൽ എത്തിയ സംഘം ആക്രമിക്കുകയും 16 ലക്ഷത്തിലേറെ രൂപ തട്ടിയെടുക്കുകയും ചെയ്തെന്ന് പരാതി. തൃശൂരിലെ തൃപ്രയാറിലെ പൈന്നൂർ ആമലത്ത് കുളങ്ങര ക്ഷേത്രത്തിനു സമീപമാണ് സംഭവം. കാറിന്‍റെ ചില്ല് തകർത്ത് മുളക് പൊടി സ്പ്രേ ചെയ്താണ് പണം തട്ടിയതെന്ന് പരാതിക്കാർ പറഞ്ഞു. പാലക്കാട് സ്വദേശികളാണ് ആക്രമിക്കപ്പെട്ടത്. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അന്തിക്കാട് പൊലീസ് സ്ഥലത്ത് എത്തി. പരാതിക്കാരിൽ നിന്ന് പൊലീസ് വിശദമായ മൊഴി ശേഖരിച്ചു. പരാതിക്കാർ തൃപ്രയാറിൽ എത്തിയത് എന്തിനാണെന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇവർ എന്തിനാണ് ഇത്രയും പണം കയ്യിൽ കൊണ്ടുവന്നതെന്നും പൊലീസ് അന്വേഷിക്കുന്നു.
അക്രമി സംഘം എത്തിയ ഇന്നോവയുടെ നമ്പര്‍ അടക്കം കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം തുടങ്ങി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. പരാതിക്കാര്‍ പണവുമായി തൃപ്രയാര്‍ എത്തുന്നത് പ്രദേശത്തെ ആർക്കെങ്കിലും അറിയാമായിരുന്നോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.
