അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃത കുര്‍ബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

കൊച്ചി: സീറോ മലബാര്‍ സഭയിലെ എല്ലാ മെത്രാന്‍മാരും സിനഡ് തീരുമാന പ്രകാരമുള്ള ഏകീകൃത കുര്‍ബാന അര്‍പ്പിക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍. എറണാകുളം അങ്കമാലി അതിരൂപതയിലെത്തുന്ന മെത്രാന്‍മാര്‍ക്ക് അതിനുവേണ്ട സൗകര്യമൊരുക്കണമെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയിലിന് നിര്‍ദ്ദേശം നല്‍കി. അടുത്ത ഈസ്റ്ററിന് മുമ്പ് സഭയിലൊട്ടാകെ ഏകീകൃത കുര്‍ബാന നടപ്പിലാകുമെന്നായിരുന്നു ആലഞ്ചേരിയുടെ പ്രതികരണം.

നിലവില്‍ ഏകീകൃത കുര്‍ബാന അര്‍പ്പിക്കുന്നതില്‍ നിന്നും എറണാകുളം അങ്കമാലി അതിരൂപതയിലെ പുരോഹിതര്‍ക്ക് മാത്രമേ ഇളവുള്ളൂ. ഈ ഇളവ് മൂലം മറ്റിടങ്ങളിലെ മെത്രാന്‍മാരും പുരോഹിതരും എറണാകുളം അങ്കമാലി അതിരൂപതിയിലെത്തിയാലും ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സഭാധ്യക്ഷന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പുതിയ സര്‍ക്കുലര്‍. സഭയിലെ എല്ലാ മെത്രാന്മാരും എവിടെ പോയാലും ഏകീകൃത കുര്‍ബാന മാത്രമെ അര്‍പ്പിക്കാവൂ എന്ന് സര്‍ക്കുലറിലൂടെ കര്‍ശന നിര്‍ദ്ദേശം നല്‍കി. എറണാകുളം അങ്കമാലി രൂപതിയിലെത്തുന്ന ബിഷപ്പുമാര്‍ക്ക് ഏകീകൃത കുര്‍ബാന അര്‍പ്പിക്കാനുള്ള സൗകര്യം ഒരുക്കണമെന്ന രൂപതാധ്യക്ഷന്‍ ബിഷപ്പ് അന്‍റണി കരിയിലിനോട് ആവശ്യപെട്ടിട്ടുണ്ടെന്നും സര്‍ക്കുലറില്‍ പറയുന്നു. അടുത്ത ഈസ്റ്ററോടെ ഏകീകൃത കൂര്‍ബാന സഭയിലാകമാനം നടപ്പിലാക്കുമെന്ന് ജോര്‍ജ് ആലഞ്ചേരി പ്രതികരിച്ചു.

അതേസമയം, രൂപതയിലെ പള്ളികളിലൊന്നിലും ഏകീകൃത കുര്‍ബാന നടപ്പിലാക്കാനാവില്ലെന്നും പഴയ രീതി തുടരുമെന്നുമാണ് എറണാകുളം അങ്കമാലി രൂപതയിലെ ഒരുവിഭാഗം പുരോഹിതരുടെ നിലപാട്. ജോര്‍ജ് ആലഞ്ചേരിയുടെ നിരര്‍ദ്ദേശത്തെകുറിച്ച് പ്രതികരിക്കാന്‍ രുപതാധ്യക്ഷന്‍ മാര്‍ ആന്‍റണി കരിയില്‍ തയ്യാറായില്ല.