കൊച്ചി: സഭാ ഭൂമിയിടപാട് കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പുന:പരിശോധനാ ഹര്‍ജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു. കൂടുതൽ വാദമുണ്ടെന്ന എതിർ ഭാഗത്തിന്റെ   ആവശ്യം അംഗീകരിച്ചാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നടപടി. ഓഗസ്റ്റ് അഞ്ചിന് കേസ് വീണ്ടും പരിഗണിക്കും.

വിവാദമായ ഭൂമിയിടപാടില്‍ കർദിനാൾ അടക്കമുള്ളവർക്കെതിരെ കാക്കനാട് മജിസ്ട്രേറ്റ് കോടതി ക്രിമിനൽ കേസെടുത്തിരുന്നു. തൃക്കാക്കരയിലെ 60 സെന്റ് ഭൂമി വിൽപന നടത്തിയതിനെതിരെ സഭാംഗമായ ജോഷി വർഗീസ് നൽകിയ ഹർജിയിലാണ് കേസെടുത്തിരുന്നത്. 

എറണാകുളം അതിരൂപതയുടെ സാമ്പത്തികബാധ്യത അവസാനിപ്പിക്കാനായി രൂപതയുടെ കീഴില്‍, എറണാകുളം നഗരത്തിന്റെ ഹൃദയഭാഗത്തുണ്ടായിരുന്ന മൂന്നേക്കറിലധികം ഭൂമി കച്ചവടം ചെയ്തതാണ് വിവാദത്തിന് വഴിവച്ചത്. ഭൂമിക്ക് ഉദ്ദേശിച്ച വില ലഭിക്കാഞ്ഞതും രൂപതയുടെ സാമ്പത്തിക ബാധ്യത 70 കോടിയോളം രൂപയായി ഉയര്‍ന്നതും വിവാദമാകുകയായിരുന്നു. ഇടനിലക്കാരന്റെ തട്ടിപ്പിന് രൂപതാധ്യക്ഷന്‍ മാര്‍ ആലഞ്ചേരിയും ഫിനാന്‍സ് ഓഫീസര്‍, വികാരി ജനറല്‍ എന്നീ സ്ഥാനങ്ങളിലുള്ള വൈദികരും അനുവാദം കൊടുത്തുവെന്നായിരുന്നു ആരോപണം.