തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എത്തുന്ന രോഗ സാധ്യത സംശയിക്കുന്നവരെ താമസിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കെയര്‍ ഹോമുകള്‍ തുടങ്ങി.   പ്രകടമായ രോഗലക്ഷണങ്ങളില്ലാത്തവരുടെ നിരീക്ഷണത്തിനായി വിവിധ ഹോസ്റ്റലുകള്‍ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലാണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്.

വിമാനത്താവളങ്ങളില്‍ നിന്നും  കെയര്‍ ഹോമില്‍ എത്തിക്കുന്ന ഇവരെ വീണ്ടും സ്‌ക്രീന്‍ ചെയ്ത ശേഷം ആരോഗ്യ വകുപ്പിന്റെ വാഹനത്തില്‍ സ്വന്തം ജില്ലകളില്‍ എത്തിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നതിനാല്‍ ഇവര്‍ക്ക് ഹോം ക്വാറന്റൈനില്‍  ഇരിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നുണ്ട്. കൂടാതെ അതത് ജില്ലാ  മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും ഇത്  സംബന്ധിച്ച് അറിയിപ്പുകള്‍ നല്‍കും. വീടുകളില്‍  ക്വാറന്റൈനില്‍ ഇരിക്കാന്‍ സാഹചര്യമില്ലാത്തവരെ  എല്ലാവിധ സംവിധാനങ്ങളോടും കൂടി കെയര്‍ ഹോമുകളില്‍ താമസിപ്പിക്കും.

176 പേരെ ഒരേ സമയം ക്വാറന്റൈന്‍ ചെയ്യാനുള്ള ക്രമീകരണങ്ങളാണ് വിവിധ ഇടങ്ങളിലായി സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ വേളിയിലുള്ള സമേതിയിലാണ് ഇവരെ താമസിപ്പിക്കുന്നത്. ഇതിനു പുറമെ പിഎംജി യിലെ ഐഎംജി ഹോസ്റ്റല്‍, വേളി യൂത്ത് ഹോസ്റ്റല്‍, മണ്‍വിള കോ-ഓപറേറ്റീവ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

മാര്‍ച്ച് 16 മുതല്‍ ഇതുവരെ 68 പേരെ സമേതിയില്‍ എത്തിച്ചിട്ടുണ്ട്. നിലവില്‍ ബാംഗളൂരുവില്‍ സ്ഥിരതാമസമാക്കിയ തമിഴ്നാട് സ്വദേശിയായ ഒരു വനിത സമേതിയില്‍ ഉണ്ട്. സംസ്ഥാന അതിര്‍ത്തികള്‍ അടച്ചതിനെ തുടര്‍ന്ന് യാത്ര സാധ്യമല്ലാത്തതിനാലാണ് ഇവരെ ഇവിടെ താമസിപ്പിച്ചിരിക്കുന്നത്. ബാക്കിയുള്ളവരെ സ്വന്തം സ്ഥലങ്ങളില്‍ എത്തിച്ചതായും ആരോഗ്യവകുപ്പ് അറിയിച്ചു.