എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ പുലർച്ചെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു.

കോഴിക്കോട് : എസ്ഡിപിഐയുടെ പോസ്റ്റർ നശിപ്പിച്ചെന്ന പേരിൽ കോഴിക്കോട് ബാലുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകനായ യുവാവിനെ പുലർച്ചെ ആൾക്കൂട്ടം ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ 29 പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ടീയ വിരോധമാണ് ജിഷ്ണുവിന് നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ജിഷ്ണുവിനെ ജാതിപ്പേര് പറഞ്ഞ് അധിക്ഷേപിച്ചുവെന്നും വെള്ളത്തിൽ മുക്കികൊല്ലാൻ ശ്രമിച്ചുവെന്നും എഫ്ഐആറിലുണ്ട്. 

ബാലുശ്ശേരിക്കടുത്ത് പാലൊളിമുക്കിൽ ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് ഡിവൈഎഫ്ഐ ത്രിക്കുറ്റിശ്ശേരി ബ്ലോക്ക് കമ്മിറ്റി അംഗമായ ജിഷ്ണുവിനെ 30 ഓളം പേർ വളഞ്ഞിട്ടാക്രമിച്ചത്. എസ് ഡി പി ഐ ഫ്ലക്സ് ബോർഡുകൾ നശിപ്പിച്ചെന്നാരോപിച്ചായിരുന്നു ആക്രമണം. തന്റെ പിറന്നാളാഘോഷം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജിഷ്ണുവിനെ സംഘം തടഞ്ഞു നിർത്തി. ഫ്ലസ്ക് ബോർഡ് നശിപ്പിക്കാൻ വന്നതാണെന്നും പാര്‍ട്ടി നേതാക്കള്‍ ആയുധം കൊടുത്തു വിട്ടെന്നും കഴുത്തിൽ കത്തിവച്ച് പറയിച്ച് വീഡിയോയും ചിത്രീകരിച്ചു. രണ്ടുമണിക്കൂർ നേരത്തെ ക്രൂരമർദ്ദനത്തിനു ശേഷമാണ് ആള്‍ക്കൂട്ടം ജിഷ്ണുവിനെ പൊലീസിന് കൈമാറിയത്.

'30 തിലേറെ ആളുകൾ വളഞ്ഞിട്ട് ആക്രമിച്ചു, പലരെയും കണ്ടാലറിയാം', ആൾക്കൂട്ട ആക്രമണത്തിനിരയായ ജിഷ്ണു പറയുന്നു...

രണ്ടുമണിക്കൂറോളമാണ് സംഘം ജിഷ്ണുവിനെ വളഞ്ഞിട്ട് മർദ്ദിച്ചവശനാക്കിയത്. മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റ ജിഷ്ണു കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രദേശത്തെ എസ്ഡി പിഐ-മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് മർദ്ദിച്ചതെന്ന് ജിഷ്ണു പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. 

YouTube video player

ജിഷ്ണൂവിന്റെ വാക്കുകൾ

'തന്റെ പിറന്നാൾ ആണിന്ന്. സുഹൃത്തിനെയും കൂട്ടി മടങ്ങുന്നതിനിടെയാണ് ലീഗിന്റെയും എസ്ഡിപിഐയുടെയും സംഘം ഒരു പ്രകോപനവും കൂടാതെ മർദിച്ചത്. പോസ്റ്റർ കീറുന്ന ആളാണെന്ന് ആരോപിച്ചായിരുന്നു മർദനം. പോസ്റ്റർ കീറുന്നത് ആരാണെന്ന് ചോദിച്ചാണ് മർദ്ദനമുണ്ടായത്.ആരാണ് ചെയ്യുന്നതെന്ന് എനിക്കറിയില്ലെന്ന് പറഞ്ഞു. അറിയില്ലെങ്കിൽ പറഞ്ഞു തരാം, നിന്റെ പാർട്ടി നേതാക്കളും ബ്രാഞ്ച് സെക്രട്ടറിയുമാണ് കീറിയതെന്ന് പറഞ്ഞു. വീഡിയോ ഓൺ ചെയ്യുമ്പോൾ ഇങ്ങനെ തന്നെ പറയണമെന്നും ആവശ്യപ്പെട്ടു. പറ്റില്ലെന്ന് പറഞ്ഞതോടെ വയലിലെ ചളിയിലേക്ക് തല പിടിച്ച് താഴ്ത്തി. ആക്രമിച്ചു. ഇതോടെ കഴുത്തിൽ കത്തി വച്ച് പാർട്ടി നേതാക്കളുടെ പേര് പറയിപ്പിച്ചു.

ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ, ലീഗ് പ്രവർത്തകരാണ്. വന്നവരിൽ ചിലർ എസ്ഡിപിഐ പ്രവർത്തകരാണ്. ലീഗ് നേതാവ് പറഞ്ഞപ്പോഴാണ് ഇക്കാര്യം മനസിലായത്. കയ്യിലും കാലിനും തലക്കും കല്ലുകൊണ്ട് അടിച്ചു. പൊലീസെത്തിയാണ് മോചിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ പൊലീസിനെയും അവർ ഭീഷണിപ്പെടുത്തി. മർദിച്ച ആളുകളെ കണ്ടാൽ തിരിച്ചറിയും. ചിലർ നാട്ടിൽ ഉളളവരാണ് മറ്റുചിലർ പുറത്ത് നിന്നും എത്തിയവരാണ്'. അവരെ നാട്ടിൽ കണ്ടിട്ടില്ലെന്നും ജിഷ്ണു വിശദീകരിച്ചു. 

YouTube video player