Asianet News MalayalamAsianet News Malayalam

മിന്നൽ മുരളി സിനിമ സെറ്റ് പൊളിച്ച സംഭവം; അഖില ഹിന്ദു പരിഷത്ത് പ്രവർത്തകർക്കെതിരെ കേസ്

സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു.

case against akhil hindu parishad workers for minnal murali film set destroyed
Author
Kochi, First Published May 25, 2020, 12:50 PM IST

കൊച്ചി: കാലടിയില്‍ മിന്നൽ മുരളി സിനിമയുടെ സെറ്റ് പൊളിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സെറ്റ് പൊളിച്ച അഖില ഹിന്ദു പരിഷത്തിൻ്റെ അഞ്ച് പ്രവർത്തകർക്കെതിരെയാണ് പെരുമ്പാവൂർ പൊലീസ് കേസെടുത്തത്. സംഭവത്തിനെതിരെ കടുത്ത പ്രതിഷേധമാണ് സിനിമാ രംഗത്തുനിന്ന് ഉയരുന്നത്.

ടൊവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയാണ് മിന്നൽ മുരളി. ഇതിൻ്റെ ക്ലൈമാക്സ് ചിത്രീകരിക്കാനായിരുന്നു കാലടി മണപ്പുറത്ത് കഴിഞ്ഞ മാർച്ചിൽ ക്രിസ്ത്യൻ ദേവാലയത്തിൻ്റെ സെറ്റ് ഇട്ടത്. ലോക്ഡൗണ് കാരണം ചിത്രീകരണം നടന്നിരുന്നില്ല. ഇതിനിടെയാണ് ഇന്നലെ വൈകിട്ട് ഒരു സംഘം അഖില ഹിന്ദു പരിഷത്ത് പ്രവർത്തകരെത്തി സെറ്റ് പൊളിച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ ഇവർ തന്നെ ഇതിൻ്റെ ചിത്രങ്ങൾ പുറത്തുവിടുകയും ചെയ്തിരുന്നു. 

മണപ്പുറം മഹാശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയായിരുന്നു സിനിമാ സംഘം സെറ്റ് ഇട്ടത്. സെറ്റ് പൊളിച്ചത് നിർഭാഗ്യകരമെന്ന് ക്ഷേത്ര സമിതിയും വ്യക്തമാക്കി. സംഭവത്തില്‍ നിർമ്മാതാക്കൾക്ക് വേണ്ടി പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആലുവ റൂറൽ എസ്പി കെ കാർത്തിക്കിന് പരാതി നല്‍കി. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സിനിമയുടെ നിർമ്മാതാവ് സോഫിയ പോളും നായകൻ ടൊവിനോ തോമസും വ്യക്തമാക്കി. സെറ്റ് തകർത്തതിന് പിന്നിൽ വർഗീയ വാദികളാണെന്ന് ടൊവിനോ തോമസും പ്രതികരിച്ചു. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഫെഫ്കയും ആവശ്യപ്പെട്ടു.

Follow Us:
Download App:
  • android
  • ios