കോഴിക്കോട്: പേരാമ്പ്ര മത്സ്യചന്തയിലുണ്ടായ സംഘര്‍ഷത്തില്‍ സിപിഎം ലോക്കല്‍ സെക്രട്ടറി പ്രമോദ് അടക്കമുള്ള നൂറ് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. വധശ്രമം അടക്കമുളളവ ചുമത്തിയാണ് പേരാമ്പ്ര പൊലീസ് കേസെടുത്തിരിക്കുന്നത്. ഇന്നലെ നടന്ന സംഘര്‍ഷത്തില്‍ പരിക്കേറ്റ മുസ്ലീംലീഗ് പ്രവര്‍ത്തകനും മത്സ്യതൊഴിലാളിയുമായ കൂളിക്കണ്ടി ഫൈസല്‍ നല്‍കിയ പരാതിയിലാണ് കേസ്. 

കണ്ടാലറിയാവുന്ന മുന്നൂറ് പേര്‍ക്കെതിരെ പൊലീസ് സ്വമേധയാ മറ്റൊരു കേസും എടുത്തിട്ടുണ്ട്. പകര്‍ച്ചവ്യാധി നിയന്ത്രിത നിയമം, ലഹള, അടിപിടി എന്നിവയാണ് ഈ കേസില്‍ ചുമത്തിയിരിക്കുന്നത്. അതേസമയം സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര നഗരത്തില്‍ ഇന്നും നിരോധനാജ്ഞ തുടരുകയാണ്.