വയനാട്: പട്ടാപ്പകല്‍ മകളെയും കൂട്ടുകാരിയെയും അപമാനിച്ചത് ചോദ്യംചെയ്ത പിതാവിന് അഞ്ചംഗ സംഘത്തിന്‍റെ ക്രൂരമർദനം. വയനാട് മാനന്തവാടിക്കടുത്ത് മുതിരേരിയില്‍ ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തില്‍ മാനന്തവാടി പൊലീസ് അഞ്ച് സിപിഎം പ്രവർത്തകർക്കെതിരെ കേസെടുത്തു, പ്രതികളെല്ലാം ഒളിവിലാണ്. എന്നാല്‍, പ്രതികളെ സംരക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുകയാണെന്ന് കുടുംബം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.  

വീടിനടുത്തെ പുഴയില്‍ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അപമാനിക്കുകയും മൊബൈലില്‍ ദൃശ്യങ്ങളെടുത്തതും ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു പിതാവിന് നേരെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇയാളെ മാനന്തവാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ലോക്ക് ഡൗണായതിനാല്‍ വീട്ടില്‍ വിശ്രമിക്കാനായിരുന്നു നിർദേശം. സംഭവം നടന്നതിന്‍റെ പിറ്റേന്ന് പൊലീസെത്തി മൊഴിയെടുത്തു. വീണ്ടും ഒരുദിവസത്തിന് ശേഷമാണ് പെൺകുട്ടികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്.

എന്നാല്‍, പ്രതികൾ ഒളിവിലാണ് എന്നാണ് പൊലീസിന്റെ വിശദീകരണം. സ്ത്രീകൾക്കെതിരായ അതിക്രമത്തിനും, സംഘം ചേർന്നുള്ള ആക്രണത്തിനും പ്രതികൾക്കെതിരെ കുറ്റങ്ങൾ ചുമത്തിയതായും അന്വേഷണം പുരോഗമിക്കുകയാണെന്നും മാനന്തവാടി പൊലീസ് പ്രതികരിച്ചു. അഞ്ച് പേർക്കുമെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തിയെന്നും പ്രതികൾക്കായി തിരച്ചില്‍ തുടരുന്നെന്നും മാനന്തവാടി പൊലീസ് പറഞ്ഞു.

സംഭവത്തിൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊവിഡ് കാലത്ത് ഇത്തരം സംഭവങ്ങൾ വച്ച് പൊറുപ്പിക്കില്ലെന്നു അധ്യക്ഷ എം സി ജോസഫൈൻ പറഞ്ഞു. കുടുംബത്തിന് കമ്മീഷന്റെ പൂർണ പിന്തുണ നൽകുമെന്നും പ്രതികളെ ഉടനടി പിടികൂടാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും എംസി ജോസഫൈൻ കൂട്ടിച്ചേർത്തു. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയെ തുടർന്നാണ് കമ്മീഷന്റെ നടപടി.