Asianet News MalayalamAsianet News Malayalam

ഇഡിക്കെതിരായി കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിൽ അല്ല; വിശദീകരിച്ച് ക്രൈംബ്രാഞ്ച്

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം.

case against ed not based on complaint from advocate of sandeep clarifies crime branch
Author
Trivandrum, First Published Mar 30, 2021, 10:36 AM IST

തിരുവനന്തപുരം: ഇഡിക്കെതിരായി കേസെടുത്തത് സന്ദീപിന്റെ അഭിഭാഷകയുടെ പരാതിയിൽ അല്ലെന്ന് വിശദീകരിച്ച് ക്രൈംബ്രാഞ്ച്. അഭിഭാഷകനായ സുനിൽ നൽകിയ പരാതിയിലാണ് കേസ്. പരാതിയിൽ കേസെടുക്കാൻ നിയമോപദേശം ലഭിച്ചിരുന്നുവെന്നും അഭിഭാഷകൻ്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ടെന്നുമാണ് ക്രൈംബ്രാഞ്ച് വിശദീകരണം. 

തന്റെ പരാതിയിലാണ് ഇഡിക്കെതിരെ കേസെടുത്തതെന്ന വാദം തെറ്റാണെന്ന് പറഞ്ഞ് പ്രതി സന്ദീപ് നായരുടെ അഭിഭാഷക രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ക്രൈബ്രാഞ്ച് വിശദീകരണം. കേസ് റദ്ദാക്കണമെന്ന ഇഡിയുടെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

ഡിജിപിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ രണ്ടാമത്തെ കേസ് ക്രൈം ബ്രാ‍ഞ്ച് രജിസ്റ്റർ ചെയ്തത്. കസ്റ്റഡയിലുള്ളപ്പോള്‍ ഇഡി ഉദ്യോഗസ്ഥർ മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ നിർബന്ധിച്ചുവെന്ന് ജില്ലാ ജഡ്ജിക്ക് സന്ദീപ് നായർ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെ ഡിജിപിക്ക് ലഭിച്ച പരാതി സന്ദീപ് നായരുടെ അഭിഭാഷകൻറെ പരാതിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകള്‍. എന്നാൽ താനോ സന്ദീപോ പരാതി നൽകിയിട്ടില്ലെന്ന് അഭിഭാഷക പി വി വിജയം പറഞ്ഞു.

സന്ദീപിൻ്റെ അഭിഭാഷകയുടെ പരാതിയുടെ അടിസ്ഥാനത്തിലല്ല കേസെടുത്തെതന്നാണ് ക്രൈം ബ്രാഞ്ച് വിശദീകരണം. ആലപ്പുഴ സ്വദേശിയായ അഭിഭാഷകൻ സുനിൽ കുമാറാണ് പരാതി നൽകിയത്. സന്ദീപ് നായർ കോടതിക്കു നൽകിയ കത്തിൻറെ അടിസ്ഥാനത്തിൽ ഗൂഡാലോചന പരിശോധനക്കണമെന്നായിരുന്നു പരാതി. ഈ പരാതിയിൽ കേസെടുക്കാമെന്ന നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സിആർപിസി 154 പ്രകാരം പരാതി ലഭിച്ചാൽ കേസെടുക്കുന്നതിൽ തെറ്റില്ലെന്നും ക്രൈം ബ്രാഞ്ച വിശദീകരിച്ചു. 

വ്യാജ മൊഴി നൽകാൻ പ്രേരിപ്പിച്ചതിന് രണ്ട് കേസുകളാണ് ക്രൈം ബ്രാ‌‌ഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കെട്ടിച്ചമച്ച തെളിവുകളുണ്ടാക്കുകയാണെന്ന് ഇഡി ഹൈക്കോടതിയെ അറിയിച്ചു. കള്ളപ്പണ കേസിൽ പ്രമുഖരുടെ പേര് വെളിച്ചത്തുവരുമെന്ന ആശങ്കയാണിതിനു പിന്നിൽ. സ്വപ്നയുടെ ശബ്ദരേഖ പ്രചരിപ്പിച്ചതിന് പിന്നിൽ ഗൂഡ ലക്ഷ്യങ്ങളുണ്ടെന്ന് ആരോപിച്ച് ഇഡി അസിസ്റ്റൻ്റ് ഡയറക്ടർ പി രാധാകൃഷ്ണൻ ഹൈക്കോടതിയെ സമീപിച്ചു. കേസ് നാളെ ഹൈക്കോടതി പരിഗണിക്കും.
 

Follow Us:
Download App:
  • android
  • ios