കൊച്ചി: കൊച്ചിയിലെ ഫ്ലാറ്റിൽ നിന്ന് വീണ് വീട്ടുജോലിക്കാരിക്ക് ഗുരുതര പരിക്ക് പറ്റിയ സംഭവത്തില്‍ ഫ്ലാറ്റ് ഉടമയ്ക്ക് എതിരെ കേസെടുത്തു. അഭിഭാഷകൻ ആയ ഇമ്ത്യാസ് അഹമ്മദിന് എതിരെയാണ് സെൻട്രൽ പൊലീസ് കേസ് എടുത്തത്. പരുക്ക് പറ്റിയ കുമാരിയുടെ ഭർത്താവിന്‍റെ പരാതിയിലാണ്  കേസെടുത്തത്. ഫ്ലാറ്റ് ഉടമ കുമാരിയെ പൂട്ടിയിട്ടു. ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്നതിന് ഇടയിലാണ് ആറാം നിലയിൽ നിന്ന് വീണ് പരിക്കേറ്റതെന്നാണ് ഭർത്താവ് ശ്രീനിവാസന്‍റെ മൊഴി. 

കഴിഞ്ഞ ശനിയാഴ്ചയാണ് മറൈൻ ഡ്രൈവിലെ ലിങ്ക് ഹൊറൈസൺ ഫ്ലാറ്റിന്‍റെ ആറാം നിലയിൽ നിന്ന് വീട്ടുജോലിക്കാരിയായ കുമാരിയെ വീണ് പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.  ലോക്ഡൗണിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ കുമാരി അപകടം നടക്കുന്നതിന് 5 ദിവസം മുന്നേയാണ് കൊച്ചിയിലെ ഫ്ലാറ്റിൽ തിരികെയെത്തിയത്. എന്നാൽ വീണ്ടും നാട്ടിലേക്ക് പോകണമെന്ന് ഫ്ലാറ്റ് ഉടമയോട് കുമാരി തലേദിവസം ആവശ്യപ്പെട്ടതായി പറയപ്പെടുന്നു. ഈ ആവശ്യം ഫ്ലാറ്റ് ഉടമ നിരസിച്ചതോടെയാണ് അടുക്കളയിലേക്കുള്ള വാതിൽ അകത്തു നിന്ന് പൂട്ടി ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിച്ചതെന്നും കരുതുന്നു.