തിരുവനന്തപുരം: ബിജെപി മുൻ കേരള അധ്യക്ഷനും മിസോറാം ഗവർണറുമായിരുന്ന കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീർപ്പാക്കി. കിട്ടാനുള്ള മുഴുവൻ പണവും കിട്ടയിതടെ പരാതിക്കാരനായ ഹരികൃഷ്ണൻ പൊലീസിന് നൽകിയ പരാതി പിൻവലിച്ചു. പരാതിയിൽ പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് പണം കൊടുത്ത് കേസ് തീർപ്പാക്കിയത്. 

കിട്ടാനുള്ള മുഴുവൻ പണവും ലഭിച്ചെന്നും എഫ്ഐആർ റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിച്ചുവെന്നും പരാതിക്കാരനായ ഹരികൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 24 ലക്ഷം രൂപയാണ് ഒത്തുതീർപ്പിൻ്റെ ഭാഗമായി ഹരികൃഷ്ണന് നൽകിയത്. സാമ്പത്തിക തട്ടിപ്പ് കേസിൽ പരാതിക്കാരൻ്റേയും ആരോപണ വിധേയരായവരുടെയും ബാങ്ക് അക്കൗണ്ടുകളുടെ വിവരം തേടി അന്വേഷണ സംഘം ബാങ്കുകൾക്ക് കത്തയച്ചതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായത്. പൊലീസിന് പരാതി ലഭിച്ചതിന് പിന്നാലെ തന്നെ ഒത്തുതീർപ്പ് ശ്രമങ്ങൾ അണിയറയിൽ ആരംഭിച്ചിരുന്നു. 

പരാതിക്കാരന് പൊലീസിന് നൽകിയ മൊഴി പ്രകാരം പാലക്കാട് സ്വദേശി വിജയൻ്റെ ഉടമസ്ഥതയിലുള്ള  ന്യൂ ഭാരത് ബയോടെക്നോളജീസ് 
എന്ന കന്പനിയിൽ പണം നിക്ഷേപിക്കാൻ ആവശ്യപ്പെട്ടത് കുമ്മനത്തിന്റെ മുൻ പിഎ ആയിരുന്ന പ്രവീൺ വി.പിള്ളയാണ്. നിക്ഷേപം സംബന്ധിച്ച് ശബരിമലയിൽ വച്ച് കുമ്മനം തന്നെ  പരാതിക്കാരനുമായി നേരിട്ട് ചർച്ച നടത്തിയെന്നും മൊഴിയിലുണ്ട്. കന്പനി ഉടയായ പാലക്കാട് സ്വദേശി വിജയൻ പണം നിക്ഷേപിച്ചിട്ടും ഷെയർ സർട്ടിഫിക്കേറ്റ് നൽകാൻ തയ്യാറായില്ലെന്നും പരാതിക്കാരൻ പറഞ്ഞിരുന്നു.

കാനറ ബാങ്ക്, ഫെഡറൽ ബാങ്ക്, എസ്ബിഐ ബാങ്കുകളിലെ അക്കൗണ്ടുകളിലൂടെ കമ്പനി ഉടമ വിജയന് പണം നൽകിയെന്നാണ് പരാതിക്കാരൻ ഹരികൃഷണന്റെ മൊഴി. ഇതേ തുടർന്നാണ് ബാങ്ക് അക്കൌണ്ട് വിവരങ്ങൾ പൊലീസ് ശേഖരിച്ചത്. പരാതിക്കാരന്റെയും ആരോപണ വിധേയരായവരുടേയും ഫോൺകോൾ വിവരങ്ങളും അന്വേഷണസംഘം തേടിയിരുന്നു. പരാതിക്കാരൻ ഹരികൃഷ്ണന്റെ വീടിനു മുന്നിൽ പൊലീസ് കാവലും ഏർപ്പെടുത്തിയിരുന്നു. .

ആറന്മുള സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തതതെങ്കിലും ഇൻസ്പെക്ടർ ക്വാറന്റീനിലായതിനാൽ മലയാലപ്പുഴ ഇൻസ്പെക്ടർക്കായിരുന്നു അന്വേഷണ  ചുമതല.  സംഭവം വിവാദമായതിന് പിന്നാലെ ബിജെപി നേതാക്കൾ ഇടപെട്ട് പണമിടപാട് നടത്തി കേസ് തീർക്കാൻ ശ്രമം തുടങ്ങിയിരുന്നു. പരാതിക്കാരന് പണം മുഴുവൻ തിരികെ നൽകാം എന്ന് വിജയനും അറിയിച്ചിരുന്നു. 

പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ഭരണ സമിതി പ്രതിനിധിയായി കുമ്മനത്തെ നിയമിച്ചതിന് പിന്നാലെ ഉയർന്ന കേസിൽ ബിജെപിക്കുള്ളിലും ചേരിതിരിഞ്ഞുള്ള ആരോപണങ്ങളുണ്ടായി. പരാതിക്കാരനുമായി അടുപ്പമുള്ള പത്തനംതിട്ട ജില്ലയിലെ ഒരു സിപിഎം നേതാവിനെതിരെയും ബിജെപി ആരോപണം ഉന്നയിച്ചിരുന്നു.