സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽപിഎസ്ടി റാങ്ക് ഹോൾഡർമാർക്കെതിരെ പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് സമര സമിതി നേതാവ് വളർമതി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വളർമതി പ്രതികരിച്ചു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്ത എൽ പി എസ് ടി റാങ്ക് ഹോൾഡേഴ്സിനെതിരെ കേസെടുത്തതിൽ രൂക്ഷ വിമർശനവുമായി സമര സമിതി നേതാവ് വളർമതി. പൊലീസ് ശത്രുപക്ഷത്ത് നിന്ന് കേസെടുക്കുന്നുവെന്ന് വളർമതി വിമർശിച്ചു. യുഡിഎഫ് സർക്കാരിലുള്ള പ്രതീക്ഷകൾ അസ്തമിച്ചു. മറ്റ് പാർട്ടികൾ ഭരിക്കുമ്പോൾ യുഡിഎഫ് പഞ്ചാര വാക്കുകൾ പറയുന്നു. കഴിഞ്ഞ സർക്കാരിന്റെ വീഴ്ചകൾ കൊണ്ടാണ് യുഡിഎഫ് അധികാരത്തിൽ ഇരിക്കുന്നതെന്ന് മറക്കരുത്. നീതിക്ക് വേണ്ടിയുള്ള പോരാട്ടം അടിച്ചമർത്താൻ നോക്കിയിട്ട് കാര്യമില്ലെന്നും എല്ലാം ജനങ്ങൾ തിരിച്ചറിയുന്നുണ്ടെന്നും വളർമതി പ്രതികരിച്ചു.
അതേസമയം ഈ വിഷയത്തിൽ യൂത്ത് കോൺഗ്രസ് സമരത്തിൽ പങ്കെടുത്ത മന്ത്രി ഓ ജെ ജനീഷിനും എംപി ഷാഫി പറമ്പലിനുതിരെ കേസെടുത്തിട്ടില്ല. പൊലീസിനെതിരെ വാർത്ത വന്നതുകൊണ്ട് കേസെടുക്കുന്നു എന്നാണ് പൊലീസ് പറഞ്ഞതെന്നും എന്നാൽ സമര പന്തലിലെ കനോപ്പി പൊളിക്കാൻ ശ്രമിച്ചതിനാലാണ് വിമർശിച്ചതെന്നും വളർമതി വിശദീകരിച്ചു.
എന്നാൽ സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റ് ഭാഗത്ത് പ്രതിഷേധ ജാഥ നടത്തിയതിനാണ് കേസെടുത്തതെന്ന് പൊലീസ് പറയുന്നു. തിരിച്ചറിഞ്ഞ 8 പേർക്കെതിരെയും കണ്ടാലറിയാവുന്ന 50 പേർക്കെതിരെയുമാണ് കേസ്. സമര സമിതി നേതാവ് വളർമതിയാണ് ഒന്നാം പ്രതി. എൽപിഎസ്ടി സമരത്തിലെ മുഖ്യമന്ത്രിയുടെ മറുപടിയ്ക്ക് തലമുണ്ഡനം ചെയ്താണ് വളർമതി മറുപടി നൽകിയത്. സമരക്കാരുടെ അഞ്ച് ആവശ്യങ്ങളിൽ നാലും നിറവേറ്റാൻ യുഡിഎഫ് സർക്കാരിന് കഴിഞ്ഞെന്നാണ് മുഖ്യമന്ത്രി അവകാശപ്പെട്ടത്. നടപ്പാക്കിയ കാര്യങ്ങൾ എന്തൊക്കെയെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് വളർമതി ആവശ്യപ്പെട്ടു. വിദ്യാർത്ഥി അധ്യാപക അനുപാതം കുറയ്ക്കണം എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വളർമതി വ്യക്തമാക്കി. പ്രതിപക്ഷത്തിരുന്നപ്പോൾ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരത്തെ പിന്തുണച്ചവരാണ് ഇപ്പോൾ മാറ്റി പറയുന്നതെന്നും വളർമതി വിമർശിച്ചു.




