കൊല്ലം: മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അമിത വില ഈടാക്കിയ കൊല്ലത്തെ ഒമ്പത് സ്ഥാപനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും 80000 രൂപ പിഴ ഈടാക്കുകയും ചെയ്തു. ലീഗല്‍ മെട്രോളജി വകുപ്പ് മെഡിക്കല്‍ ഷോപ്പുകളിലും സര്‍ജിക്കല്‍ സ്ഥാപനങ്ങളിലും നടത്തിയ മിന്നല്‍ പരിശോധനയെത്തുടര്‍ന്നാണ് നടപടി. 

മാസ്കുകള്‍ക്കും സാനിറ്റൈസറുകള്‍ക്കും അവശ്യ സാധന നിയന്ത്രണ നിയമമനുസരിച്ചുള്ള വിലയേക്കാള്‍ കൂടുതല്‍ ഈടാക്കുന്നത് കുറ്റകരമാണ്. പൊതുവിപണിയിലെ പാക്ക് ചെയ്ത സാധനങ്ങള്‍ക്ക് പരമാവധി ചില്ലറ വിലയില്‍ (എം ആർ പി) അധികവും കുപ്പിവെള്ളത്തിന് ലിറ്ററിന് 13 രൂപയില്‍ കൂടുതലും വാങ്ങുന്നവര്‍ക്കും ലീഗല്‍ മെട്രോളജി പാക്കേജ്ഡ് കമ്മോഡിറ്റിസ് റൂള്‍സ് പ്രകാരമുള്ള പ്രഖ്യാപനങ്ങള്‍ ഇല്ലാതെ വില്‍ക്കുന്നവര്‍ക്കുമെതിരെ തുടര്‍ന്നും നടപടി സ്വീകരിക്കുമെന്ന് ലീഗല്‍ മെട്രോളജി അസിസ്റ്റന്‍റ് കണ്‍ട്രോളര്‍ അറിയിച്ചു.  

എല്ലാ താലൂക്കുകളിലും പൊതുവിതരണം, ഭക്ഷ്യസുരക്ഷ, റവന്യു എന്നീ വകുപ്പുകളുമായി ചേര്‍ന്ന് എല്ലാ ദിവസവും സംയുക്ത മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. അസിസ്റ്റൻ്റ് ണ്‍ട്രോളര്‍മാരായ എം സഫിയ, എന്‍.സി സന്തോഷ്, ഇന്‍സ്പെക്ടര്‍മാരായ കെ ബി ബുഹാരി, എം എം ബിജു, എ കെ സാബു,  വി സി മനോജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. 

പരാതികള്‍ ലീഗല്‍ മെട്രോളജി കണ്‍ട്രോള്‍ റൂമില്‍ അറിയിക്കാം. 
ഫോണ്‍- 8281698046, 8281698044,0481-2582998