തലസ്ഥാനത്തെ ജില്ലയിൽ 14 സീറ്റും ജയിക്കും. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ല. എല്ലാം എല്ലാവർക്കും ചെയ്ത സർക്കാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു.
തിരുവനന്തപുരം: നേമത്തെ ബിജെപി അക്കൗണ്ട് ഇരട്ടത്താഴിട്ട് തന്നെ പൂട്ടുമെന്ന് മന്ത്രി വി ശിവൻകുട്ടി. തലസ്ഥാനത്തെ ജില്ലയിൽ 14 സീറ്റും ജയിക്കും. ഇടതുപക്ഷത്തിന് വോട്ട് ചെയ്യാതിരിക്കാൻ ജനങ്ങൾക്ക് കാരണം ഇല്ല. എല്ലാം എല്ലാവർക്കും ചെയ്ത സർക്കാരാണെന്നും വി ശിവൻകുട്ടി പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് തിയ്യതി ഇന്ന് വൈകുന്നേരം പ്രഖ്യാപിക്കും.
തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
കേരളം അടക്കം അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും. ഇന്ന് വൈകിട്ട് നാലിന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിളിച്ചു ചേർക്കുന്ന വാര്‍ത്താസമ്മേളനത്തിൽ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കും. പ്രഖ്യാപനത്തിന് മുന്നോടിയായുള്ള നടപടികൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ പൂർത്തിയാക്കി കഴിഞ്ഞു. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള അർദ്ധ സൈനിക സേന വിന്യാസം അടക്കം വിഷയങ്ങളിലും കമ്മീഷൻ കേന്ദ്രവുമായി ചർച്ച നടത്തി. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാകും തെരഞ്ഞെടുപ്പ് കമ്മീഷൻ ഷെഡ്യൂൾ തയാറാക്കുക. കേരളത്തിൽ വിഷു അടക്കം ഉത്സവങ്ങൾ കൂടി കണക്കിലെടുത്താകും തീരുമാനമെന്ന് കമ്മീഷൻ വ്യക്തമാക്കിയിരുന്നു. പ്രഖ്യാപനത്തിന് മുൻപായി ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് കമ്മീഷൻ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വരും. ഒറ്റ ഘട്ടമായിട്ടായിരിക്കും തെരഞ്ഞെടുപ്പെന്നാണ് വിവരം. കഴിഞ്ഞ തവണ എട്ടു ഘട്ടമായി വോട്ടെടുപ്പ് നടന്ന പശ്ചിമബംഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടമായി പൂർത്തിയാക്കണമെന്നാണ് രാഷട്രീയ പാർട്ടികൾ ആവശ്യപ്പെട്ടത്. കേരളത്തിന് പുറമെ അസം, തമിഴ്നാട്, പുതുച്ചേരി, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.



