രാവിലെയാണ് ടി നസിറുദ്ദീന്‍ കോഴിക്കോട് മിഠായിത്തെരുവിലെ തന്‍റെ തുണിക്കട തുറക്കാനെത്തിയത്

കോഴിക്കോട്: കളക്ടറുടെ ഉത്തരവ് ലംഘിച്ച് കോഴിക്കോട് മിഠായിത്തെരുവില കട തുറന്ന വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്‍റ് ടി നസിറുദ്ദീനെതിരെ കേസ്. രാവിലെയാണ് ടി നസിറുദ്ദീന്‍ കോഴിക്കോട് മിഠായിത്തെരുവിലെ തന്‍റെ തുണിക്കട തുറക്കാനെത്തിയത്. മിഠായിത്തെരുവിലും പാളയത്തും അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുറക്കാന്‍ മാത്രമാണ് അനുമതിയുള്ളത്. ഇത് ലംഘിച്ചായിരുന്നു കട തുറന്നത്. 

പൊലീസെത്തി കട അടപ്പിച്ചു. മുഖ്യമന്ത്രി ചെറിയ തുണിക്കടകള്‍ തുറക്കാമെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ടാണ് തുറക്കാനെത്തിയതെന്നുമായിരുന്നു നസിറുദ്ദീന്‍റെ നിലപാട്. ലോക് ഡൗണ്‍ നിയമം ലംഘിച്ച് കട തുറന്നതിന് ടി നസിറുദ്ദീന്‍ ഉള്‍പ്പടെയുള്ള അഞ്ച് പേര്‍ക്കെതിരെ ടൗണ്‍ പൊലീസ് കേസെടുത്തു.