Asianet News Malayalam

കാട് കാണാൻ പോയി കുടുങ്ങിയ യുവാക്കൾക്കെതിരെ വനംവകുപ്പും പൊലീസും കേസെടുത്തു

വനത്തിൽ അതിക്രമിച്ച് കയറിയതിനും ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിനും കാസ‍ർകോട് സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ വനം വകുപ്പും പൊലീസും കേസെടുക്കും. 

case against youth who trapped in forest
Author
Thamarassery, First Published Jul 11, 2021, 3:38 PM IST
  • Facebook
  • Twitter
  • Whatsapp

കോഴിക്കോട്: താമരശ്ശേരി കട്ടിപ്പാറ വനത്തിനുള്ളിൽ കുടുങ്ങിയ യുവാക്കളെ പുറത്തെത്തിച്ചു. ഏറെ ദുർഘടം പിടിച്ച കൊടും കാട്ടിലൂടെ 15 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് തെരച്ചിൽ സംഘം യുവാക്കളുടെ അടുത്തെത്തിയത്. വനത്തിൽ അതിക്രമിച്ച് കയറിയതിനും ലോക്ക് ഡൗൺ നിയന്ത്രണം ലംഘിച്ചതിനും കാസ‍ർകോട് സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെ വനം വകുപ്പും പൊലീസും കേസെടുക്കും. 

കാസർഗോഡ് ബന്ധഡുക്ക ബൈത്തുറഹ്മയിൽ മുഹമ്മദ്, അബു എന്നിവരാണ് കാട് കാണാൻ പോയി കുടുങ്ങിയതും ഒടുവിൽ കേസിൽപ്പെട്ടതും. 
താമരശ്ശേരി കട്ടിപ്പാറ ചെമ്പ്രകുണ്ടയിലെ ബന്ധുവീട്ടിൽ എത്തിയ ശേഷം കാടു കാണാനായാണ് ഇരുവരും അമരാട്ടേക്ക് പുറപ്പെട്ടത്. ഇന്നലെ രാവിലെ വനത്തിൽ പ്രവേശിച്ച ഇവർ പുറത്തേക്കുള്ള വഴിയറിയാതെ ഉൾവനത്തിൽ കുടുങ്ങുകയായിരുന്നു. 

അമരാട് വനമേഖലയോട് ചേ‍‍ർന്ന് സന്ധ്യസമയത്ത് വാഹനം നി‍ർത്തിയിട്ടത് കണ്ട നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ വനംവകുപ്പ്, ദ്രുതക‍ർമ്മസേന, ഫയർഫോഴ്സ്, പൊലീസ് എന്നിവർ സംഭവസ്ഥലത്ത് എത്തി. ഇന്നലെ രാത്രി ഏഴരയോടെ നാട്ടുകാരുടെ സഹായത്തോടെ ഉദ്യോ​ഗസ്ഥർ തെരച്ചിൽ ആരംഭിച്ചു. ഒടുവിൽ രാവിലെ ഏഴരയോടെയാണ് ഉൾവനത്തിൽ വച്ച് രണ്ട് പേരെയും കണ്ടെത്താനായത്. കണ്ടെത്തുമ്പോൾ വനാതിർത്തിയിൽ നിന്നും 16 കിലോമീറ്റർ അകത്തായിരുന്നു ഇവരുടെ സ്ഥാനം. 

കനത്ത മഴയും കാറ്റും ദുർഘടമായ വനപാതകളിലൂടേയും രാത്രി മുഴുവൻ ഉറക്കമില്ലാതെ സഞ്ചരിച്ചാണ് രക്ഷാപ്രവർത്തകർക്ക് യുവാക്കളുടെ അടുത്തേക്ക് എത്താനായത്. ഉൾവനത്തിലേക്ക് എത്തിയെങ്കിലും യുവാക്കളുടെ മൊബൈൽ ഫോണിൽ റേഞ്ചുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിൽ നിർണായകമായി. 

രാത്രിയിലെ കനത്ത മഴയും, കാറ്റും, ദുർഗടമായ വഴികളും താണ്ടിയാണ് ഉറക്കമില്ലാതെ രക്ഷാപ്രവർത്തകർ 12 മണിക്കൂറിന് ശേഷം ഇവരെ കണ്ടെത്തിയത്. നരിക്കുനിയിൽ നിന്നും എത്തിയ ഫയർഫോഴ്സിന് ഒപ്പം വനംവകുപ്പ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ രാജീവ് കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ ബിജേഷ്, ഫോറസ്റ്റ് വാച്ചർ പ്രസാദ്, ആൻറി പോച്ചിംഗ് വാച്ചർമാരായ രവി.പി കെ, സജി.പി.ആർ, ആർ .ആർ .ടി. എസ് എഫ് ഒ (ഗ്രൈഡ്)കെ.ബാബു, ഷെബീർ ചുങ്കം, അഹമ്മദ് കബീർ എന്നിവരും, പോലീസും,സന്നദ്ധ പ്രവർത്തകരും, നാട്ടുകാരും തിരച്ചിലിൽ പങ്കു ചേർന്നു.

ലോക് ഡൗൺ നിയന്ത്രണം ലംഘിച്ച് താമരശ്ശേരി കട്ടിപ്പാറ അമരാട് മലയിൽ വിനോദ സഞ്ചാരത്തിനെത്തുന്നവർക്കെതിരെ പൊലീസ് നേരത്തെ നടപടിയെടുത്തിരുന്നു. ലോക്ക് ഡൗൺ ലം​ഘിച്ച് ഇവിടേക്ക് എത്തുന്ന യുവാക്കളുടെ ബൈക്കുകൾ  താമരശ്ശേരി പോലീസ് പിടികൂടിയിരുന്നു. ഇങ്ങനെ പിടികൂടിയ പതിനെട്ട് ബൈക്കുകൾ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തിച്ചു. വാഹനത്തിൻ്റെ ഉടമകൾക്കെതിരെ ലോക് ഡൗൺ ലംഘനം, സാമൂഹിക അകലം പാലിക്കാതിരിക്കൽ,മാസ്ക്  ധരിക്കാതിരിക്കൽ, കൂടാതെ വാഹനത്തിൻ്റെ രേഖകൾ പരിശോധിച്ച് മറ്റു വകുപ്പുകളും ചേർത്ത് കേസെടുത്തിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios