പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 3 കേസുകളിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 

കൊച്ചി: കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള 3 കേസുകളിൽ ജാമ്യമില്ലാ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജില്ലാ ബാർ അസോസിയേഷൻ ആഘോഷത്തിനിടെ എറണാകുളം ജില്ലാ കോടതി വളപ്പിൽ ഇന്നലെ അർധരാത്രിയിലാണ് അഭിഭാഷകരും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടിയത്. 16 എസ്എഫ്ഐ പ്രവർത്തകർക്കും 8 അഭിഭാഷകർക്കും സംഭവത്തിൽ പരിക്കേറ്റു.

ബാർ അസോസിയേഷൻ വാർഷികാഘോഷത്തിന് ഇടയിലേക്ക് മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ കയറിയാണ് പ്രശ്നമുണ്ടാക്കിയതെന്നാണ് അഭിഭാഷകരുടെ ആരോപണം. അഭിഭാഷകരുടെ മോശം പെരുമാറ്റമാണ് സംഘർഷത്തിന് കാരണമായതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. അഭിഭാഷകർ മദ്യപിച്ച് വിദ്യാർത്ഥികളെ ഉള്‍പ്പെടെ ശല്യം ചെയ്തെന്നും ഇത് ചോദ്യം ചെയ്തതിന്‍റെ പേരിലായിരുന്നു വിദ്യാര്‍ത്ഥികളെ ആക്രമിച്ചതെന്നുമാണ് എസ്എഫ്ഐയുടെ മറുപടി. സംഘർഷം നിയന്ത്രിക്കാൻ എത്തിയ പൊലീസുകാർക്കും പരിക്കേറ്റു. കോടതി വളപ്പിലെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചിരുന്നു.