Asianet News MalayalamAsianet News Malayalam

സുഹൃത്തിന്‍റെ ബലാത്സംഗപരാതി തുറന്നു പറഞ്ഞ മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്

ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിനാണ് കേസ്. മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തു. 

case filed against mayookha johny for raising rape allegation
Author
Thrissur, First Published Jul 16, 2021, 7:16 AM IST

തൃശ്ശൂർ: കായികതാരം മയൂഖ ജോണിക്കെതിരെ കേസ്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. ചാലക്കുടി കോടതിയുടെ ഉത്തരവ് പ്രകാരം ആളൂർ പൊലീസാണ് കേസെടുത്തത്. അപകീർത്തികരമായ ആരോപണം ഉന്നയിച്ചു എന്നാരോപിച്ചാണ് കേസ്.

മൂരിയാട് എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിൻ്റെ മുൻ ട്രസ്റ്റി സാബുവിൻ്റെ പരാതിയിലാണ് ആളൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. പീഡന കേസിലെ പരാതിക്കാരിയുടെ വീട്ടിൽ താൻ ഭീഷണി നോട്ടീസ് കൊണ്ടു പോയിട്ടു എന്ന് മയൂഖ ജോണി ആരോപിച്ചിരുന്നു.ഇത് അപകീർത്തികരമാണ്. വാർത്താ സമ്മേളനത്തിലും തന്നെ മോശമായി പരാമർശിച്ചു എന്നാണ് സാബുവിൻ്റെ പരാതി. ഭീഷണി നോട്ടീസ് മയൂഖയും സംഘവും തന്നെ കൊണ്ടിട്ടതാണ്. ഇതിൻ്റെ തെളിവുകൾ അടങ്ങിയ സിഡിയും കോടതിയിൽ സമർപ്പിച്ചുവെന്ന് പരാതിക്കാർ പറയുന്നു. തുടർന്ന് ചാലക്കുടി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ നിർദേശപ്രകാരമാണ് മയൂഖ ജോണിക്കെതിരെ കേസെടുത്തത്. എംപറർ ഓഫ് ഇമ്മാനുവൽ പ്രസ്ഥാനത്തിൻ്റെ ട്രസ്റ്റികൾ ഉൾപ്പെടെ 10 പേർക്കെതിരെയാണ് കേസെടുത്തത്. എന്നാൽ ഇത് കള്ളക്കേസ് ആണെന്നും സാബു ഭീഷണി നോട്ടീസ് കൊണ്ടിടുന്നതിൻ്റെ തെളിവുകൾ തൻ്റെ പക്കലുണ്ടെന്നും മയൂഖ ജോണി പ്രതികരിച്ചു.

അതേസമയം, മയൂഖയുടേയും കൂട്ടരുടേയും പരാതികളിൽ എതിർ സംഘത്തിന് എതിരെ രണ്ടു കേസുകൾ റജിസ്റ്റർ ചെയ്തിരുന്നു. നിലവിൽ ഈ കേസുകളുടെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. മൂന്നു കേസുകളും ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുമുണ്ട്. മൂന്ന് കേസുകളും ചേർത്താകും ജില്ലാ ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കുക. 

2016-ലാണ് കേസിന് ആസ്പദമായ സംഭവം. ചാലക്കുടി സ്വദേശിയായ ചുങ്കത്ത് ജോണ്‍സണ്‍ വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങള്‍ എടുക്കുകയും ചെയ്തെന്നാണ് പരാതി. അന്ന് അവിവാഹിതയായതിനാല്‍ പൊലീസില്‍ പരാതി നല്‍കിയില്ല.  2018-ല്‍ പെണ്‍കുട്ടി വിവാഹിതയായ ശേഷവും പ്രതി  ഭീഷണിപ്പെടുത്തുകയും ശല്യപ്പെടുത്തുകയും ചെയ്തു. തുര്‍ന്ന് ഭര്‍ത്താവിന്‍റെ നിര്‍ദേശപ്രകാരം 2021 മാര്‍ച്ചിലാണ്  പരാതി നല്‍കിയത്. ചാലക്കുടി മജിസ്ട്രേറ്റ് ഇരയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയുടെ അറസ്റ്റ് ഇതുവരെ ഉണ്ടായില്ല. പ്രതിയ്ക്കു വേണ്ടി മന്ത്രി തലത്തില്‍ വരെ ഇടപെടലുണ്ടായെന്നും കേസെടുക്കാതിരിക്കാൻ വനിതാ കമ്മീഷൻ അധ്യക്ഷയായിരുന്ന എം സി ജോസഫൈൻ ഇടപെട്ടുവെന്നും ഗുരുതരമായ ആരോപണങ്ങളും മയൂഖ തൃശ്ശൂരിലെത്തി നടത്തിയ വാർത്താ സമ്മേളനത്തിൽ ഉന്നയിച്ചിരുന്നു. തൃശ്ശൂർ ആളൂർ പൊലീസാണ് കേസന്വേഷിച്ചിരുന്നത്. മയൂഖയുടെ ആരോപണത്തിന് ശേഷം കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരുന്നു. 

എന്നാൽ ആരോപണം നേരിടുന്ന ചുങ്കത്ത് ജോൺസൺ എന്നയാൾ സിയോൻ പ്രസ്ഥാനത്തിലെ അംഗം ആയിരുന്നുവെന്നും, പ്രസ്ഥാനത്തിന്‍റെ സ്ഥാപകന്‍റെ മരണ ശേഷം ജോൺസണും കുടുംബവും സിയോനിൽ നിന്നും പുറത്തു വന്നുവെന്നും ഇതിന്‍റെ വൈരാഗ്യം മൂലമാണ് വ്യാജ പീഡന പരാതി എന്നുമാണ് പ്രതികളെ പിന്തുണയ്ക്കുന്നവരുടെ ആരോപണം. മയൂഖയും പരാതിക്കാരിയും സിയോൻ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവർത്തകരാണെന്നും ഇവർ ആരോപിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമർശനവുമായാണ് മയൂഖ ജോണി രംഗത്തെത്തിയത്. വിശ്വാസത്തിന് വേണ്ടി ഒരു സ്ത്രീയും ചാരിത്ര്യം അടിയറ വയ്ക്കില്ലെന്ന് മയൂഖ പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios