കൊച്ചി: നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികൾ ഇന്ന് കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുനരാരംഭിക്കും. പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൻമേലുള്ള പ്രോസിക്യൂഷന്‍റെ പ്രാരംഭ വാദം നേരത്തെ പുർത്തിയായിരുന്നു. ഇന്ന് പ്രതിഭാഗം വാദം തുടങ്ങും. കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾ ഇന്ന് ഹാജരായേക്കും. തുടര്‍ച്ചയായ മൂന്നാം തവണ വിചാരണക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് ഒമ്പതാം പ്രതി സനില്‍കുമാറിന്‍റെ ജാമ്യം വിചാരണക്കോടതി റദ്ദാക്കിയിരുന്നു.

നടിയെ ആക്രമിച്ച  ദൃശ്യങ്ങൾ ആവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജി കോടതി തളളിയിരുന്നു. നടിയുടെ സ്വകാര്യത മാനിച്ചാണ് മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ പ്രതിക്ക് കൈമാറാത്തതെന്നും  ദൃശ്യങ്ങള്‍ ദിലീപിനോ അഭിഭാഷകര്‍ക്കോ വിദഗ്‍ധര്‍ക്കോ പരിശോധിക്കാമെന്നും സുപ്രീംകോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ആറുമാസത്തിനുളളിൽ വിസ്താരം പൂർത്തിയാക്കാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.