പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ കണ്ടെത്തി. ഇയാൾ സഞ്ചരിച്ച കാറും മോഷ്ടിച്ചതാണെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
കോഴിക്കോട്: പുല്ലാളൂരിൽ കുടിവെള്ളം ചോദിച്ചെത്തി വീട്ടിൽ നിന്ന് പണവും സ്വർണവും കവർന്ന കേസിൽ പ്രതി സഞ്ചരിച്ച കാർ കണ്ടെത്തി. മലപ്പുറം മേൽമുറിയിൽ ഉപേക്ഷിച്ച നിലയിലാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാർ കണ്ടെത്തിയത്. കൊടുവള്ളി സ്വദേശി മക്സൂസ് ഹാനൂക് ആണ് മോഷണം നടത്തിയതെന്നാണ് പൊലീസ് കണ്ടെത്തിരിയിക്കുന്നത് .
കുരുവട്ടൂർ പച്ചക്കുളം കുറ്റിപ്പുറത്ത് താഴത്ത് ഇസ്‌മായിൽ കുട്ടി ഹാജിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. വീട്ടിലെ പുരുഷന്മാർ ജുമുഅ നമസ്‌കാരത്തിനായി പള്ളിയിൽ പോയ സമയത്താണ് കുടിവെള്ളം ആവശ്യപ്പെട്ട് യുവാവ് വീട്ടിലെത്തിയത്. ഈ സമയം വീട്ടിൽ ഇസ്‌മായിൽ കുട്ടി ഹാജിയുടെ ഭാര്യ ആമിനയും മരുമകൾ സഫ്‌നയും മാത്രമാണ് ഉണ്ടായിരുന്നത്.
വെള്ളം എടുക്കുന്നതിനായി ഇരുവരും അകത്തേക്ക് പോയ സമയത്ത് യുവാവ് വീട്ടിനുള്ളിൽ കയറി ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയും അഞ്ചര പവൻ സ്വർണവും കവരുകയായിരുന്നു. വെള്ളവുമായി പുറത്തേക്ക് എത്തിയപ്പോഴാണ് യുവാവിനെ കാണാനില്ലെന്ന് വീട്ടുകാർ ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് പണവും സ്വർണവും നഷ്ടപ്പെട്ട വിവരം മനസ്സിലായത്.

