കോതമംഗലം സിഐക്കെതിരെ ഫേസ്ബുക്കിലൂടെ പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. മുൻപ് റിസോർട്ടിൽ നിന്ന് അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് ആയങ്കി ഭീഷണി മുഴക്കിയത്
കൊച്ചി: എറണാകുളം കോതമംഗലം പൊലീസ് സർക്കിൾ ഇൻസ്പെക്ടർക്കെതിരെ ഭീഷണി കുറിപ്പിട്ട ക്രിമിനല്‍ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്കെതിരെ പൊലീസ് പുതിയ കേസെടുത്തു. ഐ ടി ആക്ട് പ്രകാരമാണ് അർജുൻ ആയങ്കിക്കെതിരെ കോതമംഗലം പൊലീസ് കേസെടുത്തത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളായ അര്‍ജുൻ ആയങ്കിയെയും സംഘത്തേയും കോതമംഗലം പൊലീസ് കഴിഞ്ഞ മെയ് 3 ന് അറസ്റ്റു ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് അർജുൻ ആയങ്കി ഇന്ന് കോതമംഗലം സി ഐക്കെതിരെ ഫേസ്ബുക്ക് കുറിപ്പ് വഴി പരസ്യ ഭീഷണിയും അധിക്ഷേപവും നടത്തിയത്. റിസോര്‍ട്ടിൽ പാര്‍ട്ടി നടത്തി കൂറ്റകൃത്യം ആസൂത്രണം ചെയ്യുന്നതിനിടയിലാണ് ആയങ്കി സംഘം മെയ് 3 ന് പൊലീസിന്‍റെ പിടിയിലായത്. 'A1 Crime Number 665/2026' എന്ന് പരാമർശിച്ചുകൊണ്ടുള്ള ആയങ്കിയുടെ കുറിപ്പ് ചർച്ചയായതിന് പിന്നാലെയാണ് പൊലീസ് പുതിയ കേസെടുത്തത്.
അർജുൻ ആയങ്കിയുടെ വിവാദ കുറിപ്പ്
കോതമംഗലം സർക്കിൾ ഏമാന്
ഒരു മനസ്സ് തുറന്ന കത്ത്
ആമുഖമായി തന്നെ പറയട്ടെ നിനക്ക് പറ്റിയ പണി പൊലീസല്ല, മേലുദ്യോഗസ്ഥന്റെ വീട്ടിലെ പട്ടിയെ കുളിപ്പിക്കലും പരിപാലിക്കലും പട്ടി വിശ്രമിക്കുന്ന വേളയിൽ പട്ടിയുടെ ഡ്യൂട്ടി ഏറ്റെടുത്ത് ചെയ്യുകയെന്നതുമാണ്… പ്രമോഷനും പ്രശസ്തിക്കും വേണ്ടി മേലുദ്യോഗസ്ഥൻ തൊലിച്ചുതരുന്നതെന്തും വിഴുങ്ങുകയും കുനിഞ്ഞ് നിൽക്കുകയും ചെയ്യുന്ന നിന്നെപോലുള്ള നാറികളാണ് ആ സേനയുടെ അപമാനം.
ഒരു കല്യാണം കൂടാൻ വന്ന നമ്മളെ ഡാൻസ് കളിച്ച് സ്റ്റോറിയിട്ടു എന്ന കുറ്റത്തിന് പുലർച്ചെ നാലുമണിക്ക് തീവ്രവാദികളെ പിടിക്കും പോലെ കല്യാണപ്പയ്യൻ അവന്റെ സുഹൃത്തുക്കളെ താമസിപ്പിക്കാൻ എടുത്ത റിസോർട്ട് വളഞ്ഞ് പിടിച്ചുകൊണ്ട് പോയിട്ട് ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ ഒരു കള്ളക്കേസ് തലയിൽ വെച്ചുതന്നിട്ട് ജയിലിലേക്ക് പറഞ്ഞയച്ചപ്പോൾ അവതാളത്തിലായത് ഞങ്ങളൊരുപാടുപേരുടെ ജീവിതമായിരുന്നെടാ…
ഞാനാരാണെന്ന് പോലുമറിയാത്ത രണ്ടുപേർ, കല്യാണം കൂടാൻ വന്ന അഞ്ചുപേരിലെ രണ്ട് സാധുക്കൾ. തൊലികറുത്തതിനാൽ കണ്ടാൽ ഭീകരനെന്ന് തോന്നിപ്പിക്കുന്നതിനാൽ പണ്ടെങ്ങോ ഒരു തല്ലുപിടിച്ചതിന്റെ പെറ്റിക്കേസ് ഹിസ്റ്ററിയെടുത്ത് എന്നോടൊപ്പം പ്രതിചേർക്കപ്പെട്ട ആ രണ്ടുപേരിൽ ഒരുവൻ ടാൻസൺ. അവന്റെ കല്യാണമായിരുന്നെടാ പത്താം നാൾ., അവന്റെ പെണ്ണിന്റെ കണ്ണീരിന്, ആ കല്യാണം മുടക്കിയതിന്, PSC ക്ലാസിന് പോയി പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന അവന്റെ ഭാവി നശിപ്പിച്ചതിന് നീ അനുഭവിക്കും.
തൊട്ടാൽ ചോരപൊടിയുന്ന മുറിവും തലയിൽപേറി വന്ന, ആറാം നാൾ ഡോക്ടർ സർജറി നിശ്ചയിച്ചിരുന്ന എന്റെ പ്രണവിനെ അവന്റെ ആരോഗ്യസ്ഥിതി പോലും പരിഗണിക്കാതെ വേദന തിന്ന് നരകിക്കാൻ ജയിലിലേക്കയച്ചതിന് ജയിലറയ്ക്കുള്ളിൽ അവന്റെ ചോരവീണതിന് നീ അനുഭവിക്കും.
ഉണ്ടാക്കിയ കേസുകളെല്ലാം തീർപ്പാക്കി നല്ലനടപ്പിന് നടക്കുന്ന, പുതിയ സംരംഭം ആരംഭിച്ച് ജീവിതം മെച്ചപ്പെടുത്തി പ്രതിബന്ധങ്ങളെല്ലാം പ്രതിരോധിച്ച് തനിക്ക് വേണ്ടി കാത്തിരിക്കുന്ന കാമുകിയെ ജീവിതത്തിലേക്ക് കൈപിടിച്ചുകൊണ്ടുവരാൻ തയ്യാറെടുത്തിരുന്ന എന്റെ ആദർശിനെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി ഉണ്ടായ കേസുകൾ കാണിച്ച് ഭീകരനാക്കി ജയിലിലടച്ചതിന് അവന്റെ അച്ഛന്റെയും അമ്മയുടെയും പെണ്ണിന്റെയും കണ്ണീരിനും മനപ്രയാസത്തിനും നീ അനുഭവിക്കും.
ഭൂതകാലത്തിന്റെ അഴുക്കുകളെല്ലാം കഴുകിക്കളഞ്ഞ് പുതിയൊരു ജീവിതം ആരംഭിച്ച് കുടുംബത്തിനും സുഹൃത്തുക്കൾക്കും വേണ്ടി ജീവിക്കുന്ന എന്റെ അരുണിന്റെ അനുവിനെ അവന്റെ ഭാര്യയുടെ കണ്ണീരിന് അവൾ നോമ്പുനോറ്റു പ്രാർത്ഥിക്കുന്ന വിശ്വസിക്കുന്ന ആവണങ്ങാട്ടെ വിഷ്ണുമായ സത്യമെങ്കിൽ നീ അനുഭവിക്കും.
പോരാത്തതിന് കേസിന് ഭംഗികൂട്ടാൻ നമ്മളോടൊപ്പം ഇല്ലാതിരുന്ന ആ പാവം മണികണ്ഠനെ സംഭവസ്ഥലത്ത് നിന്ന് ഓടിരക്ഷപ്പെട്ട പ്രതിയെന്ന് പറഞ്ഞ് പ്രതിചേർത്ത് അയാളെ കുടുംബത്തോടൊപ്പം ജീവിക്കാൻ അനുവദിക്കാതെ നെട്ടോട്ടം ഓടിച്ചതിന്. നമ്മളെല്ലാം പൊന്നുപോലെ കൊണ്ടുനടക്കുന്ന വണ്ടികൾ നമ്മെ ഉപദ്രവിച്ച് മതിവരാതെ കേസിൽ ചേർത്ത് സ്റ്റേഷൻ കോമ്പൗണ്ടിൽ ഇടിച്ചുകയറ്റിയും ഗ്ലാസ് പൊട്ടിച്ചും നശിപ്പിക്കാൻ ശ്രമിച്ചതിന് നീയും നിന്റെ ടീമും അനുഭവിക്കും.
അരിയും തിന്ന് ആശാരിച്ചിയെയും കടിച്ച് പിന്നെയും നായയ്ക്ക് മുറുമുറുപ്പ് എന്നതുപോലെ ഇപ്പോഴും ഒരു മനസ്സാക്ഷിക്കുത്തോ കുറ്റബോധമോ ഇല്ലാതെ ഏതൊക്കെ വിധത്തിൽ ദ്രോഹിക്കാമോ ബുദ്ധിമുട്ടിക്കാമോ അത്തരത്തിലെല്ലാം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന നിന്നെ ഞങ്ങളൊരു കാലത്തും മറക്കില്ല, ഈ കേസും വാങ്ങി നീ ചെയ്തുതന്ന ഉപകാരങ്ങളെല്ലാം മനസ്സാൽവരിച്ച് ക്ഷമിച്ച് ഞങ്ങളാരും വീട്ടിൽ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ല. ഞങ്ങളിത്രപേരുടെ ജീവിതം ഒരൊറ്റ രാത്രി പുലരുമ്പോഴേക്ക് കീഴ്മേൽ മറിച്ച നിന്നെ ഞങ്ങളൊരുകാലത്തും വെറുതെവിടുകയുമില്ല. ഞങ്ങളനുഭവിച്ച ഈ നിയമവിരുദ്ധ അധികാര ദുർവിനിയോഗ പ്രതികാര നടപടി ഇനിയൊരാൾക്കും നേരിടേണ്ടി വരരുത്. ഒരാളുടെ ജീവിതം നശിപ്പിക്കാൻ ഒരു പോലീസുകാരൻ വിചാരിച്ചാൽ മതിയെന്നത് ഞങ്ങളിലൂടെയെങ്കിലും മാറ്റമുണ്ടാവണം. കാക്കിയെന്നാൽ ഏത് നിരപരാധികളെയും കള്ളക്കേസിൽ കുടുക്കാൻ ഉള്ള ലൈസൻസ് ആണെന്നും, ബാധിക്കപ്പെട്ടവരിൽ നിന്നും തിരിച്ചടി നേരിടേണ്ടി വരാത്ത കവചകുണ്ഡലമാണെന്നും ധരിക്കുന്ന നിന്നെപോലുള്ള കാക്കിയിട്ട ചെന്നായ്ക്കളെ നിയമപരമായും, പോലീസ് ബുദ്ധിയിൽ നിയമത്തിന്റെ കണ്ണിപൊട്ടിച്ച് രക്ഷപ്പെട്ടാൽ കായികപരമായും നേരിടാൻ ഞങ്ങൾ തയ്യാർ.
പട്ടിണി കിടന്നാലും ഇനിയൊരുതരത്തിലുള്ള അസാന്മാർഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടില്ലെന്നും അന്തസ്സിനും ആത്മാഭിമാനത്തിനും ആയുസ്സിനും വെല്ലുവിളി ഉയരുന്ന സാഹചര്യത്തിൽ അല്ലാതെ ആയുധമെടുക്കില്ലെന്നും ശപഥം ചെയ്ത് സ്വയം നവീകരിച്ച് എന്റെ മകന് വേണ്ടി നല്ലനടപ്പിന് ജീവിക്കാൻ തീരുമാനിച്ച എന്നെയാണ് നീ വീണ്ടും ജയിലിൽ കയറ്റിയത്. ഇത്രയും കാലം പലതവണ ചെയ്തതിനും ചെയ്യാത്തതിനും ജയിലിൽ കിടന്നിട്ടുണ്ടെങ്കിലും ഇത്തവണ കിടന്ന കിടത്തം എന്റെ ജീവിതത്തിന്റെ നാഴികക്കല്ലാണ്. നീയും നിന്റെ ഡിപ്പാർട്ട്മെന്റും ഭരണപാർട്ടിയുടെ ഒത്താശയോടെ ഇനിയുമെന്നെ ദ്രോഹിക്കുമെന്നെനിക്കറിയാം, കാപ്പയും കള്ളക്കേസുകളും ഇനിയും തേടിവരുമെന്നറിയാം, മൂവാറ്റുപുഴയിലും വിയ്യൂരിലും മാറിമാറി കിടക്കുമ്പോൾ പകുതിയുറക്കത്തിലും പാതിരാത്രിയിലും ഞെട്ടിയെഴുന്നേറ്റ് ഞാനെഴുതിയ എന്റെ നെഞ്ചിലെ വേദനയുടെ പകുതി മാത്രമാണിത്. ഞാൻ കാരണം പിടിച്ചിടപ്പെട്ട എന്റെ ആത്മസുഹൃത്തുക്കളുടെ വാഹനം വിട്ടുകിട്ടുംവരെ നിശബ്ദനാവുകയെന്ന നിർദ്ദേശത്താൽ മാത്രമാണ് ഈ കത്തെഴുത്ത് ഇത്രയും വൈകിയത്, ബാക്കി കാര്യങ്ങൾ നീ വഴിയേ അറിയും, യുദ്ധപ്രഖ്യാപനം നീയടങ്ങുന്ന സിസ്റ്റത്തിനെതിരെയല്ല, ഈ സിസ്റ്റത്തിലെ കൈക്കൂലിയും കൂട്ടിക്കൊടുപ്പും കൊട്ടേഷനും നടത്തി ചിരിച്ചുകൊണ്ട് നിരപരാധികളുടെ ജീവിതം നശിപ്പിക്കുന്ന പുഴുകുത്തുകളായ നിന്നെപോലുള്ള ക്രിമിനലുകൾക്കെതിരെയാണ്. കള്ളക്കേസിന്റെ പേമാരി പെയ്താലും ജയിലിൽ കയറിയിറങ്ങി തൂക്കം കുറഞ്ഞാലും എന്റെയും എന്റെ സഹോദരങ്ങളുടെയും ജീവിതം താറുമാറാക്കിയ നിന്നോട് ഞാൻ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു, നീ സമാധാനത്തോടെ പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കില്ല.
ഞാൻ ചത്താലും നിന്നെയതിനനുവദിക്കില്ല.!!
മരിക്കാത്ത സ്മരണയോടെ
A1 Crime Number 665/2026

