നെടുമ്പാശ്ശേരി അപകടക്കേസുമായി ബന്ധപ്പെട്ട് വ്യാജപ്രചാരണം നടത്തിയെന്നാരോപിച്ച് ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ മന്ത്രി എം ലിജു ഡിജിപിക്ക് പരാതി നൽകി.
ആലപ്പുഴ: ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറിക്കെതിരെ ഡിജിപിക്ക് പരാതി നൽകി സഹകരണ- എക്സൈസ് വകുപ്പ് മന്ത്രി എം ലിജു. നെടുമ്പാശ്ശേരി അപകടക്കേസിൽ പ്രതിക്ക് വേണ്ടി ഇടപെട്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് പരാതി നൽകിയത്. മാധ്യമങ്ങൾ വഴി വ്യാജപ്രചാരണം നടത്തുകയും അപകീർത്തികരമായ പരാമർശങ്ങൾ നടത്തുകയും ചെയ്ത ഡിവൈഎഫ്ഐ ആലപ്പുഴ ജില്ലാ സെക്രട്ടറി ജെയിംസ് സാമുവലിനെതിരെ കേസെടുക്കണമെന്നാണ് ആവശ്യം. സംസ്ഥാന പൊലീസ് മേധാവിക്കാണ് മന്ത്രി പരാതി നൽകിയത്. സാമൂഹ്യ മാധ്യമങ്ങൾ വഴി മോശമായ പരാമർശങ്ങൾ നടത്തുകയും വ്യാജ ആരോപണങ്ങൾ ഉന്നയിക്കുകയും ചെയ്ത ഷബീർ ഇബ്നു സലീം എന്നയാൾക്കെതിരെയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി മന്ത്രി ഇടപെട്ടുവെന്ന തരത്തിലായിരുന്നു ഇവർ ആരോപണങ്ങൾ ഉന്നയിച്ചത്.


