തിരുവനന്തപുരത്ത് 40 പേർക്കും കോഴിക്കോട് 300 പേർക്കുമെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതുമടക്കം കുറ്റങ്ങളാണ് പ്രവ‍ര്‍ത്തകര്‍ക്കെതിരെ ചുമത്തിയത്.

തിരുവനന്തപുരം : രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധങ്ങളിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു. തിരുവനന്തപുരത്ത് 40 പേർക്കും കോഴിക്കോട് 300 പേർക്കുമെതിരെയാണ് കേസെടുത്തത്. പൊലീസിനെ ആക്രമിച്ചതും പൊതുമുതൽ നശിപ്പിച്ചതുമടക്കം കുറ്റങ്ങളാണ് പ്രവ‍ര്‍ത്തകര്‍ക്കെതിരെ ചുമത്തിയത്.

തലസ്ഥാനത്ത് രാഹുൽ ഗാന്ധിയുടെ അയോഗ്യത നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് ഇന്നലെ രാത്രി നടത്തിയ രാജ്ഭവൻ മാർച്ച് സംഘര്‍ഷത്തിലാണ് കലാശിച്ചത്. മാര്‍ച്ചിനിടെ പൊലീസിനെ ആക്രമിച്ചുവെന്ന വകുപ്പടക്കം ചുമത്തിയാണ് കേസെടുത്തത്. പത്ത് യൂത്ത് കോൺഗ്രസ്, കെഎസ്‍യു പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന 30 പേർക്കെതിരെയുമാണ് കേസ്.

കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ ഡിസിസി പ്രസിഡണ്ട് പ്രവീൺ കുമാർ അടക്കം മുന്നൂറ് പേർക്കെതിരെ പൊലീസ് കേസെടുത്തു. റെയിൽവേയുടെ മുതൽ നശിപ്പിച്ചതിനും അതിക്രമിച്ച് കടന്നതിനും പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിനുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

പ്രതിഷേധങ്ങൾക്കെതിരായ വ്യാപക പൊലീസ് നടപടിയിൽ വലിയ വിമര്‍ശനമാണ് കോൺഗ്രസ് ഉയ‍ര്‍ത്തുന്നത്. ഇടത് പക്ഷത്തിന് ഇരട്ട നിലപാടാണെന്നും ഒരു വശത്ത് സോഷ്യൽ മീഡിയയിൽ രാഹുൽ ഗാന്ധിക്ക് പിന്തുണ നൽകുകയും നിരത്തിൽ കോൺഗ്രസ് പ്രവര്‍ത്തകരുടെ തലയടിച്ച് പൊളിക്കാനുള്ള നിര്‍ദ്ദേശം നൽകുന്നതും മുഖ്യമന്ത്രിയുടെ ഓഫീസാണ്. മോദിയെ സന്തോഷിപ്പിക്കാനുള്ള ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശൻ കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരായ പ്രതിഷേധം ശക്തമാക്കും. തുടർ സമരങ്ങൾ യുഡിഎഫ് തീരുമാനിക്കും. 27 ന് കോൺഗ്രസിൻ്റെ നേതൃത്വത്തിൽ രാജ്ഭവൻ മാർച്ച് സംഘടിപ്പിക്കുമെന്നും സതീശൻ അറിയിച്ചു.

'ഇടത് പിന്തുണ സോഷ്യൽ മീഡിയയിൽ മാത്രം, രാഹുൽ വിഷയത്തിൽ സംസ്ഥാന സർക്കാരിന് ഇരട്ട നിലപാട്': സതീശൻ

YouTube video player