തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകത്തിൽ അമ്മയ്ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. തൊടുപുഴ പോക്സോ കോടതിയുടേതാണ് നടപടി

തൊടുപുഴ: തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകത്തിൽ അമ്മയ്ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് ചുമത്തി കേസെടുത്തു. തൊടുപുഴ പോക്സോ കോടതിയുടേതാണ് നടപടി. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. തൊടുപുഴയിലെ ഏഴ് വയസുകാരന്‍റെ കൊലപാതകത്തിൽ അമ്മയെ കഴിഞ്ഞ മെയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

എന്നാൽ നിസ്സാര വകുപ്പുകൾ ചുമത്തിയതിനാൽ മണിക്കൂറുകൾക്കകം ജാമ്യത്തിലിറങ്ങി. ബാലക്ഷേമ സമിതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും അമ്മയ്ക്ക് എതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് ചുമത്താൻ പൊലീസ് തയ്യാറായില്ല. ഇതിനെതിരെ ദില്ലി ആസ്ഥാനമായ ആഡ്‍ലി ഫൗണ്ടേഷൻ നൽകിയ ഹ‍ർജി പരിഗണിച്ചാണ് അമ്മയ്ക്ക് എതിരെ തൊടുപുഴ പോക്സോ കോടതി ജെ ജെ ആക്ട് 75 ചുമത്തിയത്. കുട്ടിയെ സുഹൃത്ത് അരുൺ ആനന്ദ് നിരന്തരം മർദ്ദിച്ചിട്ടും ഇക്കാര്യം അവഗണിച്ചതിനും മറച്ചുവച്ചതിനാണ് കേസ്. കുറ്റം തെളിഞ്ഞാൽ 10 വർ‍‍ഷം വരെ തടവും അഞ്ച് ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കും.

അമ്മയുടെ സുഹൃത്ത് അരുൺ ആനന്ദിന്‍റെ ക്രൂരമർദ്ദനത്തിൽ കഴിഞ്ഞ ഏപ്രിൽ ആറിനാണ് ഏഴ് വയസുകാരൻ മരിച്ചത്. കുട്ടിയെ കൊന്നതിനും ഇളയ കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ചതിനും അരുണിനെതിരെ തൊടുപുഴ മുട്ടം കോടതിയിൽ കേസ് പുരോഗമിക്കുകയാണ്. മുട്ടം ജില്ല ജയിലിലാണ് അരുൺ FhdhaNd]. നാല് വയസുള്ള ഇളയ സഹോദരൻ തിരുവനന്തപുരത്ത് മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സംരക്ഷണയിലാണ്.