കണ്ണൂർ: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ മകൻ ബിനോയ് കോടിയേരിക്കെതിരായ ലൈംഗികാരോപണം വ്യക്തിക്കെതിരായ കേസ് മാത്രമായി പരിഗണിച്ച് കോടിയേരിയെ സംരക്ഷിക്കുന്ന നിലപാടെടുക്കുകയാണ് സിപിഎം നേതാക്കൾ. മകനെതിരായ കേസ് കോടിയേരിയെ തല്ലാനുള്ള വടിയായി ഉപയോഗിക്കാനാണ് ഭാവമെങ്കിൽ അങ്ങനെ തല്ലുകൊള്ളാൻ വിട്ട് തരില്ലെന്നായിരുന്നു കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദന്‍റെ പ്രതികരണം.

കോടിയേരിയുടെ മകൻ പാർട്ടി മെമ്പറല്ലെന്ന് കണ്ണൂരിൽ പറഞ്ഞ പി ജയരാജൻ, കോൺഗ്രസിന്റെ എറണാകുളം എം പി ബലാത്സംഗക്കേസ് പ്രതിയാണെന്നും ഇയാൾക്കെതിരെ കോൺഗ്രസ് നടപടി എടുത്തോയെന്നും ചോദിച്ചു. ബിനോയ് കോടിയേരി എന്ന വ്യക്തിയുടെ പേരിലുള്ള കേസ് അതിന്‍റെ വഴിയ്ക്ക് പോവട്ടെയെന്നും അതിൽ കോടിയേരിയെ തള്ളിപ്പറയുന്നത് ന്യായമല്ലെന്നുമുള്ള നിലപാടിലാണ് നേതാക്കൾ. 

ബിനോയ് വ്യക്തിപരമായി എന്താണ് ചെയ്യുന്നതെന്ന് കോടിയേരിക്ക് പറയാനാവില്ലെന്നും പാർട്ടിയെയും പാർട്ടി സെക്രട്ടറിയേയും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും പറഞ്ഞ പി ജയരാജൻ വ്യക്തമാക്കുന്നത് ബിനോയിയെ തള്ളുന്ന പാർട്ടി നിലപാട് തന്നെയാണ്. 

എന്നാൽ, എം വി ഗോവിന്ദനും പി ജയരാജനുമല്ലാതെ മറ്റ് നേതാക്കളൊന്നും വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. കണ്ണൂരിൽ സിഒടി നസീർ വധശ്രമക്കേസിന്‍റെ പശ്ചാത്തലത്തിലുള്ള യോഗത്തിലായിരുന്നു ഇരു നേതാക്കളുടെയും പ്രതികരണം. ഇത് തന്നെയാണോ പാർട്ടിയുടെ പൊതുനിലപാട്, അല്ലെങ്കിൽ കോടിയേരിയെ ഒറ്റപ്പെടുത്തുമോ എന്ന് കണ്ടറിയണം. 

തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍ പാര്‍ട്ടിയും മുന്നണിയും വിരണ്ട് നില്‍ക്കുകയാണ്. കണ്ണൂരിലെ പാര്‍ട്ടി കോട്ടകളടക്കം ഒലിച്ചുപോയ സാഹചര്യം. ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു. തോല്‍വി മറികടക്കാന്‍ തിരുത്തല്‍ നടപടികളിലേക്ക് പാര്‍ട്ടി കടക്കാനിരിക്കെയാണ് പാര്‍ട്ടി സെക്രട്ടറി തന്നെ പ്രതിരോധത്തിലാകുന്നത്.

എന്താണ് സംഭവിച്ചതെന്ന ചോദ്യം പോലും കോടിയേരിയെ ഒറ്റപ്പെടുത്തുന്നതായിരിക്കുമെന്നിരിക്കെയാണ് കോടിയേരിയെ തള്ളാതെ പി ജയരാജനും എം വി ഗോവിന്ദനും രംഗത്തെത്തിയിരിക്കുന്നത്. കേന്ദ്രനേതാക്കളുടെ ആദ്യപ്രതികരണത്തില്‍ പക്ഷേ അതൃപ്തി പ്രകടമാണ്.