കൊല്ലം: ഇഎസ്ഐയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഇഎസ് ഐ മെഡിക്കല്‍ കോളജുകളില്‍ സംവരണം  ഒഴിവാക്കിയതിന് എതിരെ പ്രതിഷേധം ശക്തമാക്കി കശുവണ്ടി തൊഴിലാളികള്‍. സംസ്ഥാന വ്യാപകമായി പണിമുടക്കിയ തൊഴിലാളികള്‍ വിവിധ കേന്ദ്രസര്‍ക്കാര്‍ ഓഫിസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു. ബിഎംഎസ് ഒഴികെയുളള മുഴുവന്‍ ട്രേഡ് യൂണിയനുകളും സമരത്തിന്‍റെ ഭാഗമായി. 

ഇന്ത്യയിലെ ഏഴ് ഇഎസ്ഐ മെഡിക്കല്‍ കോളജുകളിലായി 320 സീറ്റുകളാണ് ഇഎസ്ഐയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. പാരിപ്പള്ളി ഗവൺമെന്‍റ്  മെഡിക്കല്‍ കോളജില്‍ മാത്രം 35 ശതമാനം സീറ്റ്. ചെന്നൈ ഹൈക്കോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലാണ് സംവരണം സീറ്റുകള്‍ ആള്‍ ഇന്ത്യ മെഡിക്കല്‍ ക്വാട്ടയിലേക്ക് മാറ്റാന്‍ ഇഎസ്ഐ കോര്‍പ്പറേഷന്‍ തിരുമാനിച്ചത്. ഇതിന് എതിരെയാണ് തൊഴിലാളികള്‍  പ്രതിഷേധം ശക്തമാക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ കശുവണ്ടി ഫാക്ടറികളും അടച്ചിട്ടാണ് തൊഴിലാളികള്‍ ഇന്ന് പ്രതിഷേധിച്ചത്. പണിമുടക്കിയ തൊഴിലാളികള്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നില്‍ പ്രതിഷേധിച്ചു.

ജനപ്രതിനിധികള്‍ അടങ്ങിയ സംഘം ഇ എസ്ഐ കോര്‍പ്പറേഷന്‍ അംഗങ്ങളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെയായും അനുകുല നിലപാട് അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകാത്ത സാഹചര്യത്തില്‍ കോടതിയെ സമിപിക്കാനാണ് സമരസമിതിയുടെ തീരുമാനം.