കൊച്ചി: കൊച്ചി മെട്രോ ട്രാക്കിൽ കുടുങ്ങിപ്പോയ പൂച്ചയെ രക്ഷിക്കാൻ ഫയര്‍ഫോഴ്സ്. മെട്രോ അധികൃതരും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും ചേര്‍ന്ന് മണിക്കൂറുകൾ പരിശ്രമിച്ചാണ് പൂച്ചയെ രക്ഷിച്ചെടുത്തക്. ദിവസങ്ങളായി മെട്രോ ട്രാക്കിൽ പില്ലറുകൾക്കിടയിൽ പൂച്ച കുടുങ്ങി കിടക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് പൂച്ചയെ പുറത്തെടുക്കാൻ മെട്രോ അധികൃതര്‍ ഫയര്‍ ഫോഴ്സിന്‍റെ സഹായം തേടിയത്. 

വൈറ്റില ജംങ്ഷന് സമീപമാണ് സംഭവം. പൂച്ചയെ സുരക്ഷിതമായി പിടികൂടി രക്ഷിക്കാനുള്ള ശ്രമമാണ് ഫയര്‍ ഫോഴ്സ് നടത്തിയത്. വലിയ ക്രെയിനുകളും വലകളും എല്ലാം  ഫയര്‍ഫോഴ്സ് സജ്ജമാക്കിയിരുന്നു. പില്ലറുകൾക്ക് അകത്ത് പെട്ട് പോയ പൂച്ചയെ ചെറിയ വലക്ക് അകത്താക്കി പിടികൂടാനായിരുന്നു പരിശ്രമം. അധവ പൂച്ച താഴേക്ക് എടുത്ത് ചാടുന്ന സാഹചര്യം ഉണ്ടായാൽ സുരക്ഷ ഉറപ്പാക്കാൻ താഴെ വലിയ മറ്റൊരു വല വലിച്ച് കെട്ടുകയും ചെയ്തിരുന്നു. "

വൈറ്റിലയിൽ നിന്ന് കൊച്ചിയിലേക്ക് പോകുന്ന റോഡിൽ ഗതാഗതം നിയന്ത്രിച്ചാണ് ഫയര്‍ഫോഴ്സിന്‍റെ രക്ഷാ പ്രവര്‍ത്തനം നടന്നത്. ഗതാഗതം നിയന്ത്രിച്ചതോടെ വാഹനങ്ങളുടെ വലിയ നിര രൂപപ്പെട്ടിട്ടു. ഇടുങ്ങിയ പില്ലറുകൾക്കിടയിൽ അങ്ങും ഇങ്ങും ഓടി നടക്കുന്ന പൂച്ചയെ വലയിലാക്കുക എന്ന ഏറെ ശ്രമകരമായ  ജോലിയാണ് ഫയര്‍ഫോഴ്സ് ഏറ്റെടുത്തത് . മണിക്കൂറുകൾ പരിശ്രമിച്ചാണ് പൂച്ചയെ പുറത്തെടുത്തത്. സമീപത്തെ ആശുപത്രിയിലെത്തിച്ച് ചികിത്സയും ഉറപ്പാക്കി