തിരുവനന്തപുരം മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി
തിരുവനന്തപുരം: തിരുവനന്തപുരം മേലെ പഴവങ്ങാടിയിൽ കാറ്ററിങ് തൊഴിലാളിയെ നടുറോഡിൽ ക്രൂരമായി മർദിച്ചുകൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. കീഴാറന്നൂർ പുത്തൻവിള വീട്ടിൽ ഗിരീഷ് കുമാർ എന്ന കാർത്തികേയനെയാണ് തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ പ്രതി ഒരു വർഷം കൂടി കഠിനതടവ് അനുഭവിക്കണം. തമിഴ്നാട് കടയനല്ലൂർ സ്വദേശിയും കോട്ടയ്ക്കകം അന്നമിത്ര കാറ്ററിങ് സർവീസിലെ ജീവനക്കാരനുമായ കേശവൻ (52) ആണ് കൊല്ലപ്പെട്ടത്. 2022 മാർച്ച് ഒമ്പതിന് രാത്രിയായിരുന്നു സംഭവം. കേസിൽ പ്രതിക്കെതിരായ നിർണായക തെളിവായി മാറിയത് സമീപത്തെ വ്യാപാരസ്ഥാപനത്തിൽനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ്. നാലുവർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്.








