തിരുവനന്തപുരം: കുപ്രസിദ്ധമായ അഭയ കൊലക്കേസിൽ വിചാരണ പൂർത്തിയായി. ഈ മാസം 22-ന് കേസിൽ വിധി പ്രഖ്യാപനം നടത്തും. തിരുവനന്തപുരം സിബിഐ കോടതിയിലാണ് അഭയ കേസിൻ്റെ വിചാരണ നടന്നത്. സിസ്റ്റർ അഭയ കൊല്ലപ്പെട്ട് 28 വർഷങ്ങൾക്ക് ശേഷമാണ് കേസിലെ വിധി പ്രസ്താവിക്കുന്നത്. വൈദികരായ ഫാ.തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവരാണ് കേസിലെ പ്രതികൾ.

അഭയ കേസിലെ പ്രതികളുടെ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേസിലെ ഒന്നാം പ്രതി ഫാദർ കോട്ടൂരിൻറെ വാദമാണ് ഇന്നലെ പൂർത്തിയായത്. കേസിൽ താൻ നിരപരാധിയാണെന്നും കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒന്നാം പ്രതിയാക്കിയതെന്നും ഫാദർ കോട്ടൂർ വാദിച്ചു. മൂന്നാം സാക്ഷിയായ അടയ്ക്കാ രാജു സംഭവ ദിവസം പുലർച്ചെ പ്രതികളെ കോൺവൻറിൽ വച്ച് കണ്ടു എന്ന മെഴി വിശ്വാസിക്കരുതെന്നും ഫാദ‍ർ കോട്ടൂരിൻറെ അഭിഭാഷകർ വാദിച്ചു. 

അഭയ കൊല്ലപ്പെട്ടതാണെങ്കിലും താൻ നിരപരാധിയാണെന്നും പ്രതികൾ മറ്റാരോ ആണെന്നുമാണ് പ്രതിഭാഗം വാദിച്ചത്. കേസിൽ മൂന്നാം പ്രതി സിസ്റ്റർ സെഫിയുടെ വാദവും ചൊവ്വാഴ്ച പൂർത്തിയായിരുന്നു. പ്രതികളുടെ വാദത്തിന് പ്രോസിക്യൂഷൻ ഇന്ന് മറുപടി പറഞ്ഞു. ഇതിന് ശേഷമാണ് കേസ് വിധി പ്രസ്താവത്തിനായി മാറ്റിയത്. 

സിസ്റ്റർ അഭയ കേസിലെ  പ്രതി സിസ്റ്റർ സെഫി  ശസ്ത്രക്രിയ നടത്തി കന്യകയാണെന്ന് സ്ഥാപിച്ചത് കേസിൽ നിന്ന് രക്ഷപ്പെടാനായിരുന്നുവെന്ന് പ്രോസിക്യൂഷൻ നേരത്തെ കോടതിയിൽ വാദിച്ചിരുന്നു. അഭയ കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സെഫിയും തമ്മിലുള്ള ബന്ധം സിസ്റ്റർ അഭയ കാണാൻ ഇടയായതാണ് കൊലപ്പെടുത്താൻ കാരണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.

2008 ൽ സിസ്റ്റർ സെഫിയുടെ വൈദ്യ പരിശോധന നടത്തിയപ്പോൾ കന്യാകത്വം സ്ഥാപിക്കാനായി ശസ്ത്രക്രിയ നടത്തിയത് കണ്ടെത്താനായെന്ന ആലപ്പുഴ മെഡിക്കൽ കോളേജിലെ പോലീസ് സർജൻ ഡോ. രമയുടേയും,  പ്രിൻസിപ്പാൾ ഡോ ലളിതാംബിക കരുണാകരൻറേയും മൊഴി പ്രോസിക്യൂഷൻ കോടതിയിൽ പ്രധാന തെളിവായി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് ആവശ്യമായ തെളിവുകൾ ഹാജരാക്കിയിട്ടുണ്ടെന്നും കേസിൻറെ അന്തിമവാദത്തിൽ പ്രോസിക്യൂഷൻ പറഞ്ഞു. അഭയ കേസിൽ രഹസ്യമൊഴി നൽകിയ ശേഷം കൂറുമാറിയ സാക്ഷിക്കെതിരെ ക്രിമിനൽ കേസ് നൽകാൻ സിബിഐ തീരുമാനിച്ചിട്ടുണ്ട്. പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയ രണ്ടാം സാക്ഷി സഞ്ചു പി.മാത്യുവാണ് കൂറുമാറിയത്.