Asianet News MalayalamAsianet News Malayalam

Fathima Latheef Case : ഫാത്തിമ ലത്തീഫിൻ്റെ ആത്മഹത്യ വീട് വിട്ടു നിന്നതിലുള്ള മനോവിഷമം മൂലമെന്ന് സിബിഐ

പഠനത്തിനായി വീട് വിട്ടു നിന്നതിൻ്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐയുടെ നിഗമനം.  അന്വേഷണത്തിൽ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല

CBI files report on Fatima Latif's suicide
Author
Chennai, First Published Dec 30, 2021, 4:28 PM IST

ചെന്നൈ: മദ്രാസ് ഐഐടിയിലെ മലയാളി വിദ്യാർത്ഥി ഫാത്തിമ ലത്തീഫിൻ്റെ മരഹത്തിൽ ദുരൂഹതകളോ ബാഹ്യപ്രേരണയോ ഇല്ലെന്ന് സിബിഐ. കോടതിയിൽ സമർപ്പിച്ച അന്തിമ അന്വേഷണ റിപ്പോർട്ടിലാണ് കൊല്ലം സ്വദേശിയായ ഫാത്തിമ ലത്തീഫിൻ്റേത് മാനസിക സമ്മർദ്ദത്തെ തുടർന്നുള്ള ആത്മഹത്യയാണെന്ന നിഗമനം സിബിഐ മുന്നോട്ട് വയ്ക്കുന്നത്. സിബിഐയുടെ അന്വേഷണ റിപ്പോർട്ട് സംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചതായി ഫാത്തിമയുടെ പിതാവ് ലത്തീഫിൻ്റെ അഭിഭാഷകൻ വ്യക്തമാക്കി. 

പഠനത്തിനായി വീട് വിട്ടു നിന്നതിൻ്റെ മനോവിഷമത്തിലാണ് ഫാത്തിമ ആത്മഹത്യ ചെയ്തത് എന്നാണ് സിബിഐയുടെ നിഗമനം.  അന്വേഷണത്തിൽ ആരേയും കുറ്റക്കാരായി കണ്ടെത്തിയിട്ടില്ല. അന്തിമ അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിൻ്റെ കുടുംബം മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. 

സിബിഐയുടെ അന്വേഷണത്തിൽ സത്യം പുറത്തുവന്നില്ലെന്നും പല പ്രധാന തെളിവുകളും മൊഴികളും സിബിഐ അന്വേഷണത്തിൽ പരിഗണിച്ചില്ലെന്നും പ്രതികരിച്ച ഫാത്തിമയുടെ പിതാവ് ലത്തീഫ് മകൾക്ക് നീതി കിട്ടുംവരെ നിയമ പോരാട്ടം തുടരുമെന്ന് വ്യക്തമാക്കി. അദ്ധ്യാപകന്റെ  മാനസിക പീഡനവും  മതപരമായ  വിവേചനവും ഫാത്തിമയെ ആത്മഹത്യയിലേക്കു  നയിച്ചെന്ന്  കുടുംബം ആരോപിച്ചിരുന്നുവെങ്കിലും ഈ വാദത്തെ സാധൂകരിക്കുന്ന  തെളിവുകൾ  കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്.  

Follow Us:
Download App:
  • android
  • ios