വിദേശ ഫണ്ട് വാങ്ങിയതിൽ വി ഡി സതീശനെതിരെ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശയിൽ തീരുമാനം വിശദ നിയമ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാവുക.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറവൂർ മണ്ഡലത്തിൽ നടപ്പിലാക്കിയ പുനർജനി പദ്ധതിയിൽ സിബിഐ അന്വേഷണ വിജ്ഞാപനത്തിൽ തീരുമാനം ഈ മാസം അവസാനത്തോടെയെന്ന് സർക്കാർ വൃത്തങ്ങള്‍. വിദേശ ഫണ്ട് വാങ്ങിയതിൽ സിബിഐ അന്വേഷണം വേണമെന്ന് വിജിലന്‍സ് ശുപാര്‍ശയിൽ തീരുമാനം വിശദ നിയമ പരിശോധനയ്ക്ക് ശേഷമാകും ഉണ്ടാവുക. അതേസമയം, മണപ്പാട് ഫൗണ്ടേഷന് വിദേശ പണമെത്തിയതിൽ ദുരൂഹതയുണ്ടെന്നാണ് വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ട്.
പ്രളയത്തിൽ തകർന്ന വീടുകളുടെ നിർമ്മാണത്തിനായി പുനജനി പദ്ധതിക്കുവേണ്ടി വിദേശഫണ്ട് വാങ്ങിയതിലെ തിരിമറിയെ കുറിച്ചായിരുന്നു വിജിലൻസ് അന്വേഷണം. യുകെയിൽ നിന്ന് അമീർ അഹമ്മദ് ചെയർമാനായ മണപ്പാട് ഫൗണ്ടേഷൻ വഴിയാണ് പദ്ധതിക്കായി പണമെത്തിയത്. ഈ പണം വി ഡി സതീശൻ ദുരുപയോഗം ചെയ്തുവെന്നതിന് തെളിവില്ലെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഒരു കോടി 22 ലക്ഷത്തിലധികം രൂപ മണപ്പാട് ഫൗണ്ടേഷന്‍റെയും ചെയർമാനായ അമീർ അഹമ്മദിന്‍റെയും അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നാണ് വിജിലന്‍സ് മുൻ ഡയറക്ടര്‍ യോഗേഷ് ഗുപ്തയുടെ റിപ്പോര്‍ട്ട്. പണം വന്നതിന്‍റെ രേഖകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. എന്നാൽ വിദേശ ധനസഹായം വാങ്ങാനുള്ള അനുമതിയുള്ള അക്കൗണ്ടാണ് മണപ്പാട് ഫൗണ്ടേഷനുള്ളതെന്നായിരുന്നു നിയമോപദേശം.
പണം സതീശൻ വകമാറ്റിയതിന് തെളിവില്ലാത്തതിനാൽ സിബിഐ അന്വേഷണം നിലനില്‍ക്കില്ല. ഈ ഉപദേശം തള്ളിയാണ് സിബിഐ അന്വേഷണത്തിന് ഡയറക്ടര്‍ ശുപാര്‍ശ ചെയ്തത്. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ഇറക്കാൻ അഡ്വക്കേറ്റ് ജനറൽ ഉള്‍പ്പെടെയുള്ളവരുമായി വിശദമായ ചര്‍ച്ച നടത്തുന്നത്. ചട്ടങ്ങള്‍ ലംഘിച്ച വി ഡി സതീശൻ വിദേശ യാത്ര നടത്തിയതിനെ കുറിച്ച് സ്പീക്കർ നടപടിയെടുക്കണെമന്നും വിജിലൻസ് ശുപാർശ ചെയ്തിരുന്നു. അന്വേഷണം നിലനിൽക്കില്ലെന്ന വിജിലൻസിന്‍റെ കണ്ടെത്തലുകള്‍ തന്നെ ചൂണ്ടിക്കാട്ടി സർക്കാർ തീരുമാനമുണ്ടായാൽ നിയമപോരാട്ടത്തിന് തയ്യാറെടുക്കുകയാണ് വി ഡി സതീശൻ. അതിനാൽ സർക്കാർ നീക്കവും ജാഗ്രതയോടെയാണ്.
പുനർജനി കേസ് കൂടുതൽ വിവരങ്ങൾ പുറത്ത്
സിബിഐ അന്വേഷണം സുപാർശ ചെയ്ത് വിജിലൻസ് നൽകിയ കത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. മണപ്പാട്ട് ഫൗണ്ടേഷനും അതിൻ്റെ സിഇഒയ്ക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്ന് ശുപാർശ എഫ് സി ആർ എ നിയമപ്രകാരം സിബിഐ അന്വേഷണം വേണമെന്നാണ് ശുപാർശ വിദേശത്ത് നിന്നും മണപ്പാട് ഫൗണേഷൻ്റെ അക്കൗണ്ടിലേക്കാണ് പണം എത്തിയത്. ഫൗണ്ടേഷൻ്റെ അക്കൗണ്ടിലേക്ക് പണം നൽകണമെന്നാണ് വി ഡി സതീശൻ ആവശ്യപ്പെട്ടതെന്നും കത്തില്‍ പറയുന്നു.



