കൊച്ചി: നടി ലീനാ മരിയാ പോളിന്‍റെ കൊച്ചിയിലെ ബ്യൂട്ടി പാർലറിൽ സിബിഐ റെയ്ഡ്. ഹൈദരാബാദിൽ വ്യവസായിയെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ അറസ്റ്റിലായ രണ്ടുപേർക്ക് ലീന മരിയാ പോളുമായി ബന്ധമുണ്ടെന്ന വിവരത്തെത്തുടർന്നായിരുന്നു പരിശോധന. സിബിഐയുടെ ഹൈദരാബാദ് യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിലെത്തി പരിശോധന നടത്തിയത്.

ഇതേസമയത്തുതന്നെ ലീന മരിയ പോളിന്‍റെ ചെന്നൈയിലെ ഓഫീസിലും വീട്ടിലും റെയ്ഡ് നടന്നു. ബാങ്ക് തട്ടിപ്പ് കേസിൽ പ്രതിയായ ഹൈദരാബാദിലെ വ്യവസായി സാംബശിവ റാവുവിനെ ഭീഷണുപ്പെടുത്തിയ രണ്ടു പേരെ നേരത്തെ അറസ്റ്റുചെയ്തിരുന്നു. ഹൈദരാബാദാ സ്വദേശിയായ മണി വർ‍ധൻ റെഡ്ഡി, മധുര സ്വദേശിയായ  സെൽവൻ രാമരാജൻ എന്നിവരാണ് പിടിയിലായത്.

സിബിഐ ഉദ്യോഗസ്ഥർ ചമഞ്ഞെത്തിയ ഇരുവരും സാംബശിവ റാവുവിനെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ടായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. ഇരുവരും പിടിയിലായതോടെയാണ് ലീന മരിയ പോളുമായുളള ബന്ധം പുറത്തുവന്നത്. തട്ടിപ്പിൽ നടിയ്ക്ക് ഏതെങ്കിലും വിധത്തിലുളള പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. 2018 ഡിസംബർ 15ന് ലീന മരിയയുടെ ഉടമസ്ഥതയിലുളള പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിന് നേർക്ക് അധോലോക കുറ്റവാളി രവി പൂജാരിയുടെ സംഘം വെടിയുതിർത്തിരുന്നു.