വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുവന്ന് നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ആലപ്പുഴ : പുതുവത്സര ദിനത്തിൽ ഇരുട്ടിന്റെ മറവിലെത്തി പൊലീസുകാർ വാഹനങ്ങൾ നശിപ്പിച്ച ശേഷം യുവാക്കൾക്കെതിരെ കേസെടുത്തതായി പരാതി. പുതുവത്സര ആഘോഷ വേളയിലാണ് പൊലീസിന്റെ പ്രവൃത്തി. വാഹനങ്ങൾ പൊലീസ് തള്ളിക്കൊണ്ടുപോയി നശിപ്പിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. നൂറനാട് സ്വദേശി സാലുവിനും പത്തോളം സുഹൃത്തുക്കൾക്കുമെതിരെയാണ് വാഹനങ്ങൾ നശിപ്പിച്ചതിനടക്കം കേസെടുത്തത്. പിന്നീടാണ് പൊലീസിന്റെ പ്രവൃത്തിയുടെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്. മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്ന് സാല പ്രതികരിച്ചു.

വാഹനങ്ങൾ തള്ളിക്കൊണ്ടുപോകുന്നതിന്റെയും നശിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിശദീകരണവുമായി പൊലീസും രംഗത്തെത്തി. ഹാൻഡിൽ ലോക്ക് ആയതിനാൽ മാത്രമാണ് തള്ളി കൊണ്ടുപോയതെന്നാണ് പൊലീസിന്റെ വിശദീകരണം.

പുതുവത്സര ദിവസം കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിൽ സപ്താഹം നടക്കുന്നുണ്ടായിരുന്നു. ഇതേ സമയം തന്നെ സ്ഥലത്ത് പുതുവത്സര ആഘോഷവുമുണ്ടായി. രാത്രി രണ്ടരയോടെ കരിമുളയ്ക്കൽ തുരുത്തി ക്ഷേത്രത്തിലെ സമീപം യുവാക്കൾ തമ്മിൽ സംഘട്ടനം ഉണ്ടായി. ഒരു സംഘം പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തിയതോടെ എല്ലാവരും ചിതറിയോടി. ഇതോടെ പ്രതികളെ കിട്ടാതായതോടെ പൊലീസ് വാഹനങ്ങൾ നശിപ്പിച്ച് മനപ്പൂർവ്വം ആളുകളെ കേസിൽ കുടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പൊതുസ്ഥലത്ത് പ്രശ്നമുണ്ടാക്കിയതിനും ഏഴോളം വാഹനങ്ങൾ നശിപ്പിച്ചതിനും ആണ് കേസെടുത്തത്. 

READ MORE വായിൽ തോന്നിയത് വിളിച്ചു പറയുന്നു'; ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി പി ജയരാജൻ

കള്ളക്കേസ് എടുത്തതിനെതിരെ മനുഷ്യാവകാശ കമ്മീഷനും ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകുമെന്ന് സാലു വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ മുഖ്യമന്ത്രിക്കും പോലീസ് കംപ്ലയിന്റ് അതോറിറ്റിക്കും പരാതി നൽകി. പരാതി നടത്തിയാൽ അന്വേഷിക്കുമെന്ന് അറിയിച്ച ജില്ലാ പൊലീസ് മേധാവി സംഭവത്തിന്റെ മുഴുവൻ സി സി ടി വി ദൃശ്യങ്ങൾ ശേഖരിക്കാനും നിർദ്ദേശം നൽകി. 

YouTube video player

YouTube video player